
ടെഹ്റാൻ: കരയുദ്ധം ഉടൻ സംഭവിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസ് കരയുദ്ധത്തിലേക്ക് കടന്നാൽ വലിയ പ്രത്യോഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വൃക്തമാക്കുന്ന വീഡിയോ ഇറാൻ സെെന്യം പുറത്തുവിട്ടു.
കൂടാതെ യുഎസ് കരയുദ്ധത്തിന് ശ്രമിച്ചാൽ അമേരിക്കൻ സെെനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്നും സെെനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി വീഡിയോയിൽ വ്യക്തമാക്കുന്നു.
ഇറാനെതിരെ കരയുദ്ധം നടത്താൻ പതിനായിരത്തോളം സെെനികർ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്ന കാര്യം യുഎസ് പരിഗണിക്കുന്നെന്ന വാർത്തകൾക്കിടെയാണ് ഇറാന്റെ മുന്നറിയിപ്പ്. ആഴ്ചകളോളം നീളുന്ന കരയുദ്ധത്തിനാണ് യുഎസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, അമേരിക്കയുടെ ഒരു വിമാനംകൂടി തകർത്തെന്ന അവകാശവാദവുമായി ഇറാൻ നേരത്തെ രംഗത്തെത്തിയിരുന്നു. നിരീക്ഷണ വിമാനമാണ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേയും അമേരിക്കയുടെ യുദ്ധവിമാനങ്ങളെ വെടിവച്ചിട്ടുവെന്ന് ഇറാൻ അവകാശവാദമുന്നയിച്ചിരുന്നു.
അതിനിടെ പശ്ചിമേഷ്യയിൽ അമേരിക്ക വീണ്ടും സൈനിക ശക്തി ഉയർത്തി. 3500 സൈനികരാണ് പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിയത്. അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യൻ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാൻഡ് സ്ഥിരീകരിച്ചു. ഇതുകൂടാതെ യുഎസ്എസ് ബോക്സറും സാൻഡിയാഗോയിൽ നിന്നുള്ള നാവിക യൂണിറ്റുകളും ഉടൻ തന്നെ സംഘർഷ മേഖലയിലെത്തുമെന്ന് യുഎസ് കമാൻഡ് വ്യക്തമാക്കി. യുഎസ് കമാൻഡിന്റെ എക്സ് പോസ്റ്റിലാണ് ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്ക സൈനിക ശേഷി ശക്തിപ്പെടുത്തിയെന്ന കാര്യം അറിയിച്ചത്. ഇതോടെ കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |