
തിരുവനന്തപുരം: പരസ്യ പ്രചാരണത്തിന് ഒരാഴ്ച ശേഷിക്കെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. അപ്പോഴും വിവാദങ്ങളിലും തർക്കങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് നേതാക്കൾ. അതിനിടെ എഫ്.സി.ആർ.എ നിയമഭേദഗതി വിവാദവും കൂടി എത്തിയപ്പോൾ ആകെ കൂട്ടക്കുഴച്ചിലായി. ജനമനസ് പിടിക്കാൻ ശേഷിക്കുന്ന ആയുധം പ്രകടന പത്രികയാണ്. ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങളുമായാണ് ഇന്നലെ എൻ.ഡി.എ പ്രകടന പത്രിക പുറത്തിറക്കിയത്. യു.ഡി.എഫിന്റേത് ഇന്നോ നാളെയോ ഇറങ്ങും. എൽ.ഡി.എഫിന്റേത് രണ്ടിന് കോഴിക്കോട്ട് മുഖ്യമന്ത്രി പുറത്തിറക്കും.
പ്രകടന പത്രികയിലൂടെ നടപ്പാക്കാൻ പോകുന്ന പദ്ധതികളിലേക്കും ക്ഷേമപ്രവർത്തനങ്ങളിലേക്കും ജനശ്രദ്ധ തിരിക്കുകയാവും മൂന്നു മുന്നണികളുടെയും ഇനിയുള്ള തന്ത്രം. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണത്തിന് കാലാവസ്ഥ അനുവദിക്കുന്നില്ല. സോഷ്യൽ മീഡിയയാണ് ആശ്രയം.
എയിംസ് വരുമെന്ന് എൻ.ഡി.എ
വമ്പൻ പ്രഖ്യാപനങ്ങളാണ് എൻ.ഡി.എ പ്രകടപത്രികയിലുള്ളത്. വീടുകളിലേക്ക് ആവശ്യമുള്ള പ്രൊവിഷണൽ സാധനങ്ങൾ വാങ്ങാൻ പ്രതിമാസം 2500 രൂപ ധനസഹായം നൽകും. കേരളത്തിന്റെ സ്വപ്നമായ എയിംസ് പദ്ധതി നടപ്പാക്കും. അതിവേഗ റെയിലാണ് മറ്റൊരു പ്രധാന ഇനം.
കേവല ദാരിദ്ര്യം മാറ്റാൻ എൽ.ഡി.എഫ്
അതിദാരിദ്ര്യം ഇല്ലാതാക്കിയതിനു പിന്നാലെ കേവല ദാരിദ്ര്യവും തുടച്ചുനീക്കുന്നതിന് പ്രകടനപത്രികയിൽ മുന്തിയ പരിഗണന നൽകുമെന്നാണ് സൂചന. ദാരിദ്ര്യ മുക്ത കേരളം എന്നതായിരിക്കും പ്രധാന ഇനം. ക്ഷേമപെൻഷൻ 2500 ആക്കാനുള്ള നിർദ്ദേശവുമുണ്ടാവും. ഇതിന്റെ തുടർച്ചയായുള്ള ജനപ്രിയ ആനുകൂല്യങ്ങളുടെ നിരതന്നെയുണ്ടാവുമെന്നാണ് അറിയുന്നത്.
25 ലക്ഷത്തിന്റെ ഇൻഷ്വറൻസുമായി യു.ഡി.എഫ്
നേരത്തെ രാഹുൽഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ തന്നെയാവും യു.ഡി.എഫ് പ്രകടന പത്രികയുടെ മുഖ്യ ആകർഷണം. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രാസൗജന്യം, പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപവരെ സൗജന്യ ഇൻഷ്വറൻസ്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയവയാകും ഉണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |