
പാറശാല: ലക്ഷക്കണക്കിന് രൂപ ചെലവാക്കി നവീകരിച്ച പരശുവയ്ക്കൽ പൊന്നംകുളം വീണ്ടും നാശത്തിലേക്ക്. നാട്ടുകാർക്കായി നവീകരിച്ച കുളത്തിൽ വള്ളിപ്പായലും ആമ്പലും നിറഞ്ഞതോടെ അപകടഭീഷണിയും ഏറി. പ്രദേശവാസികളായ നാട്ടുകാർ ഉൾപ്പെടെ നിരവധിപേരുടെ പരാതികളെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ കുളം നവീകരിക്കുന്നതിനുള്ള പുനഃർപദ്ധതികളുമായി രംഗത്തെത്തിയത്. കുളത്തിന്റെ ഒരു വശത്തെ തകർന്ന കരിങ്കൽ ഭിത്തികൾ പുനഃർനിർമ്മിച്ചതിനെ തുടർന്ന് വരമ്പുകളിലെ പുല്ല് ചെത്തി മാറ്റിയശേഷം കുളത്തിൽ വെള്ളം നിറച്ചെങ്കിലും കുളത്തിലെ ചെളി പൂർണമായും നീക്കം ചെയ്തിരുന്നില്ല. അതുകാരണം കുളത്തിൽ വെള്ളം നിറച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കുളത്തിലെ വെള്ളത്തിൽ വള്ളിപ്പായലും ആമ്പൽ ചെടികളും നിറഞ്ഞു. ഇതോടെ നാട്ടുകാർ കുളത്തെ ഉപേക്ഷിച്ചു.
അപകടങ്ങളും
കരമന - കളിയിക്കാവിള ദേശീയപാതയുടെ ഒാരത്തായി പരശുവയ്ക്കൽ ജംഗ്‌ഷനിൽ സ്ഥിതിചെയ്യുന്ന പൊന്നംകുളം ഏറെ പ്രയോജകരമായിരുന്നു. ഒപ്പം സമീപത്തെ കാർഷിക പുരോഗതിക്കായും ഉപകരിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷം മുമ്പ് കുളത്തെ പുനഃരുദ്ധീകരിക്കാൻ വൻ തുക ചെലവാക്കി നടത്തിയ പ്രവർത്തനങ്ങളാണ് കുളത്തിന്റെ നാശത്തിന് വഴിതെളിച്ചതെന്നാണ് ആക്ഷേപം. പുനഃരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ കുളത്തിന്റെ ഒരു വശത്തായി നിർമ്മിച്ച കരിങ്കൽ മതിൽ ഏതാനും നാളുകൾക്കകം തന്നെ നിലംപതിച്ചു. തുടർന്ന് പ്രവർത്തനങ്ങൾ നിറുത്തിവച്ചെങ്കിലും പിന്നീട് അതേനിലയിൽ തന്നെ വെള്ളം നിറച്ചത് കൂടുതൽ അപകടങ്ങൾക്കും കാരണമായി.
നടപടി വേണം
കുളത്തിലെ ചെളി പൂർണമായും മാറ്റാതെ വെള്ളം നിറച്ചതിനാൽ കുളത്തിൽ കുളിക്കാനിറങ്ങിയ പലരും ചെളിയിൽ പുതഞ്ഞ് അപകടത്തിൽപ്പെട്ട് മരിച്ചു. കാൽ കോടിയിൽപരം രൂപ ചെലവാക്കി കുളം നവീകരിച്ചെങ്കിലും കുളത്തിനകത്തെ ചെളിയും പായലും പൂർണമായും മാറ്റാതെ കുളത്തിൽ വെള്ളം നിറച്ചതാണ് പ്രശ്നത്തിന് കാരണം. പുനഃരുദ്ധാരണത്തിന്റെ പേരിൽ വൻതുക ചെലവഴിച്ച് നവീകരിച്ച പൊന്നംകുളം വീണ്ടും നാട്ടുകാർക്ക് ഭീഷണിയായ നടപടികളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരശുവയ്ക്കൽ പൗരസമിതി പാറശാല പഞ്ചായത്ത് അധികൃതർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |