
വിഴിഞ്ഞം: കോവളത്തെ സ്ഥാനാർത്ഥികളുടെ വാഹന പ്രചാരണം അവസാന ഘട്ടത്തിലേക്ക്. ഇനി വോട്ടർമാരെയും പ്രമുഖരെയും കണ്ട് വോട്ടുറപ്പിക്കലാണ് ലക്ഷ്യം. മൂന്നു മുന്നണി സ്ഥാനാർത്ഥികളും ഇന്നലെ തീരദേശം കേന്ദ്രീകരിച്ചായിരുന്നു വാഹന പ്രചാരണം.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഭഗത് റൂഫസിന്റെ വാഹന പ്രചാരണം ഇന്നലെ അവസാനിച്ചു. ഭഗത് റൂഫസ് ഇന്നലെ കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. അടിമലത്തുറ,പുതിയതുറ,ചപ്പാത്ത് തുടങ്ങിയ തീരദേശ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നെല്ലിമൂട് കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച് തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. രാത്രിയോടെ പയറ്റുവിളയിൽ എത്തി വാഹന പ്രചാരണത്തിന് സമാപനമായി.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.വിൻസെന്റിന്റെ വാഹന പ്രചാരണം നാളെ അവസാനിക്കും. ഇന്നലെ
രാവിലെ കരിംകുളം പഞ്ചായത്തിലായിരുന്നു പര്യടനം. സ്ഥാനാർത്ഥി പര്യടനം പരണിയം ജംഗ്ഷനിൽ മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. യു.ഡി എഫ് ചെയർമാൻ പുഷ്പം സൈമൺ അദ്ധ്യക്ഷനായി.കെ.പി.സി.സി അംഗങ്ങളായ കോളിയൂർ ദിവാകരൻ നായർ,വിൻസെന്റ് ഡി.പോൾ,ജയചന്ദ്രൻ,സി.കെ.വത്സലകുമാർ,ഡി.സി.സി ജനറൽസെക്രട്ടറിമാരായ വെങ്ങാനൂർ ശ്രീകുമാർ,കാഞ്ഞിരംകുളം ശിവകുമാർ,സി.എസ്.ലെനിൻ, ആഗ്നസ് റാണി,ബ്ലോക്ക് പ്രസിഡന്റ് കരിംകുളം ജയകുമാർ,ഫ്രീഡ സൈമൺ,പുഷ്പം വിൻസെന്റ്,പരണിയം ഫ്രാൻസിസ്,ഫെമിയാൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ.സുരേഷിന്റെ വാഹന പ്രചാരണം ഇന്ന് അവസാനിക്കും. വിഴിഞ്ഞം തീരദേശത്താണ് ഇന്നലെ വാഹന പ്രചാരണം നടത്തിയത്. അന്താരാഷ്ട്ര തുറമുഖ പ്രദേശമായ മുല്ലൂർ,ഹാർബർ,പുളിങ്കുടി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ഉച്ചവരെ പ്രചാരണം നടത്തിയത്. വാഹന പ്രചാരണം ഇന്ന് വൈകിട്ട് ബാലരാമപുരത്ത് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |