
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പരിഷ്‌കരിച്ച് പുറത്തിറക്കാനൊരുങ്ങുന്ന അമൃത് ഭാരത് ട്രെയിനിന്റെ സാമ്പിൾ കോച്ചിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പരിശോധന നടത്തി. സൗകര്യപ്രദമായ സീറ്റുകൾ, കാഴ്‌ചയിലെ ആകർഷണം, മെച്ചപ്പെട്ട യാത്രാനുഭവം എന്നിവയ്‌ക്ക് പ്രാധാന്യം നൽകിയാണ് കോച്ചുകൾ ഒരുക്കുന്നത്. പഴയതിൽ നിന്ന് വ്യത്യസ്‌തമായി നവീനവും ആകർഷണീയവുമായ കളർപാറ്റേണുകളാണ് കോച്ചുകളുടെ പ്രധാന ആകർഷണം. പിവിസി ഫ്ലോറിംഗ് മുതൽ റെക്സിൻ സീറ്റ് ബെർത്തുകൾ, ലഘുഭക്ഷണ മേശകൾ, കർട്ടനുകൾ, ടോയ്‌ലറ്റ് ഏരിയകൾ തുടങ്ങിയവയിൽ വരെ വളരെ മനോഹരമായ കളർ പാറ്റേൺ ആണ് ഉപയോഗിച്ചിരിക്കുന്നത്.
നിലവിലുള്ള ഒരു കോച്ച് നവീകരിച്ചാണ് സാമ്പിൾ കോച്ച് തയ്യാറാക്കിയിരിക്കുന്നതെന്ന് റെയിൽവേ മന്ത്രി എക്‌സിൽ കുറിച്ചു. പുനർരൂപകൽപ്പനയിൽ സുരക്ഷയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്. കോച്ചുകളിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും 'എച്ച്എൽ3' അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. ഇത് ഓൺബോർഡ് സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് മികച്ച സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. യൂറോപ്യൻ റെയിൽവേ സ്റ്റാൻഡേർഡ് പ്രകാരം ഏറ്റവും ഉയർന്നതും കർശനവുമായ അഗ്നി സുരക്ഷാമാനദണ്ഡമാണിത്. ഇതിനുപുറമെ അറ്റകുറ്റപണികൾ എളുപ്പമാക്കുകയും ദീർഘകാല ഉപയോഗം സാദ്ധ്യമാക്കുകയും ചെയ്യുന്ന വസ്‌തുക്കളാണ് കോച്ചുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
എസി ഇതര യാത്രക്കാർക്കുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ദീർഘദൂര യാത്രാ സേവനങ്ങളുടെ ഭാഗമാണ് അമൃത് ഭാരത് ട്രെയിനുകൾ. അമൃത് ഭാരത് എക്സ്പ്രസ് എന്ന് ഔദ്യോഗികമായി ബ്രാൻഡ് ചെയ്തിരിക്കുന്ന ഈ ട്രെയിനുകളുടെ നിലവാരം പരമ്പരാഗത മെയിൽ, എക്സ്പ്രസ് സർവീസുകളിൽ നിന്നും ഒരു പടി മുകളിലാണ്. സിസിടിവി, പുതുക്കിയ ഇന്റീരിയറുകൾ, എൽഇഡി ലൈറ്റുകൾ, ഫ്ലോർ-ഗൈഡ് ഫ്ലൂറസെന്റ് സ്ട്രിപ്പുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, ആധുനിക കപ്ലിംഗ് സംവിധാനങ്ങൾ വഴി സുഗമമായ യാത്രാനിലവാരം എന്നിവ ഉറപ്പാക്കുന്ന സ്ലീപ്പർ ക്ലാസുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ജനറൽ കോച്ചുകളും ട്രെയിനിൽ ഉൾപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |