
കോട്ടയം : നാലാംനാൾ പോളിംഗ് ബൂത്തിലേയ്ക്ക് കടക്കുമ്പോൾ ആത്മവിശ്വാസത്തിന് ഒട്ടുംകുറവില്ല സ്ഥാനാർത്ഥികൾക്ക്. പ്രചാരണത്തിന് ശക്തികൂടിയതോടെ റബറിന്റെ സ്വഭാവമാണ് ജില്ലയിലെ മണ്ഡലങ്ങൾക്കിപ്പോൾ. വലിക്കുമ്പോൾ തങ്ങൾക്കൊപ്പമെന്ന് എല്ലാവർക്കും തോന്നും. പക്ഷേ, ഒന്നു വിട്ടാൽ പൂർവസ്ഥിതിയാകും. അതുകൊണ്ട് ഒട്ടും കുറയാത്ത പ്രചാരണത്തിലൂടെ മണ്ഡലങ്ങളെ വലിച്ചു നിറുത്താൻ പെടാപ്പാടുപെടുകയാണ് മുന്നണികൾ. ജോസ് കെ.മാണിയുടെ കരുത്തിൽ യു.ഡി.എഫ് കോട്ടകൾ ഇളക്കാൻ എൽ.ഡി.എഫിനായെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. ശബരിമല സ്വർണ്ണക്കൊള്ള, റബർ, കാർഷികോത്പന്ന വിലയിടിവ് അവസാനം എഫ്.സി.ആർ.എ അടക്കമുള്ള പ്രചാരണ വിഷയങ്ങൾ. വീടുകയറിയും വാഹന പ്രചരണത്തിലൂടെയും വെയിലും ചൂടും വകവയ്ക്കാതെയുള്ള പ്രചരണം. ഓരോ വോട്ടും വിലപ്പെട്ടതായതിനാൽ നഷ്ടപ്പെടുത്താൻ മനസില്ല. കേന്ദ്ര - സംസ്ഥാന നേതാക്കൾ വരുംദിവസവും ജില്ലയിൽ കാടിളക്കിയുള്ള പ്രചാരണത്തിന് ചുക്കാൻ പിടിക്കും.
ഉറപ്പില്ലൊരിടത്തും
കോട്ടയവും പുതുപ്പള്ളിയും യു.ഡി.എഫും ഏറ്റുമാനൂരും വൈക്കവും എൽ.ഡി.എഫും ഉറപ്പിച്ച് പറയുന്നു. ഇവയെല്ലാം സിറ്റിംഗ് മണ്ഡലങ്ങളാണ്. ഇതിനപ്പുറം നൂറുശതമാനം ഉറപ്പ് പറയാൻ ഒരു മുന്നണിയ്ക്കും കഴിയുന്നില്ല. അതാണ് കോട്ടയത്തിന്റെ രാഷ്ട്രീയം. കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളിൽ അട്ടിമറികളുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നവരുമുണ്ട്.
ഭാരംകുറഞ്ഞു, തളർന്നു
കുറഞ്ഞ ദിവസത്തിനുള്ളിൽ മുഴുവൻ പ്രദേശങ്ങളും കവർ ചെയ്യേണ്ടതിനാൽ ഓട്ടത്തിൽ സ്ഥാനാർത്ഥികൾക്ക് മറ്റൊരു ഗുണംകൂടിയുണ്ട്. പലരുടെയും ഭാരം പത്ത് കിലോയ്ക്ക് മുകളിൽ കുറഞ്ഞു. വെയിൽ കൊണ്ട് തളർന്ന സ്ഥാനാർത്ഥികളിൽ പലരും അതിരാവിലേയും ഉച്ചയ്ക്ക് ശേഷവും മാത്രമാക്കി പ്രചരണം.
കലാശക്കൊട്ട് നാളെ
നാളെ ഉച്ചയ്ക്ക് ശേഷമാണ് വിവിധ സ്ഥാനാർത്ഥികളുടെ കലാശക്കൊട്ട്. പരമാവധി ആളെ പങ്കെടുപ്പിച്ചും വർണാഭമാക്കിയും പരസ്യ പ്രചാരണത്തിന് പര്യവസാനം കുറിക്കാനാണ് തീരുമാനം. പരമാവധി വെറൈറ്റികളാണ് ഓരോ സ്ഥാനാർത്ഥിയും പ്ളാൻ ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |