
വെടിനിറുത്തൽ പ്രതീക്ഷയിൽ നിക്ഷേപകർ
കൊച്ചി: അമേരിക്കയും ഇറാനുമായി വെടിനിറുത്തലിന് അരങ്ങോരുങ്ങിയതോടെ ആഗോള വിപണികളിൽ നിക്ഷേപകർക്ക് ആശ്വാസമാകുന്നു. രണ്ടുഘട്ടമായി താത്കാലിക വെടിനിറുത്തലുണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴേക്ക് നീങ്ങിയതോടെ നിക്ഷേപകർ വീണ്ടും ഓഹരി, സ്വർണം എന്നിവയിലേക്ക് പണമൊഴുക്കി. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരികൾ ഇന്നലെ കനത്ത തകർച്ചയിൽ നിന്നും കരകയറി. വിദേശ, ആഭ്യന്തര നിക്ഷേപകർ ഹ്രസ്വകാലത്തിന് ശേഷം വാങ്ങൽ ശക്തമാക്കി. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രധാന സൂചികകളും ശക്തമായി തിരിച്ചുകയറി.
ബോംബെ ഓഹരി സൂചിക തുടക്കത്തിൽ 350 പോയിന്റിലധികം ഇടിഞ്ഞതിന് ശേഷം ഉച്ചയോടെ നേട്ടമുണ്ടാക്കി. സെൻസെക്സ് 787 പോയിന്റ് കുതിച്ച് 74,106.85ൽ അവസാനിച്ചു. നിഫ്‌റ്റി 255 പോയിന്റ് ഉയർന്ന് 22,968.25ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും മികച്ച മുന്നേറ്റം കാഴ്‌ചവച്ചു. ബാങ്ക് ഓഹരികളും ശക്തമായി തിരിച്ചുകയറി. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ അഞ്ച് ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.
സ്വർണവും മുകളിലേക്ക്
പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷ സ്വർണ വിലയിലും കുതിപ്പുണ്ടാക്കി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 4,680 ഡോളറിലേക്ക് തിരിച്ചു കയറി. ഡോളറും യു.എസ് ബോണ്ടുകളും ദുർബലമായതിനാൽ നിക്ഷേപകർ വിണ്ടും സ്വർണത്തിലേക്ക് പണമൊഴുക്കി. അമേരിക്കയിൽ പലിശ കുറയാനുള്ള സാഹചര്യമാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ഇന്നലെ രാവിലെ കേരളത്തിൽ പവൻ വില 1,320 രൂപ കുറഞ്ഞിരുന്നു. എന്നാൽ ആഗോള വിപണിയുടെ ചുവടുപിടിച്ച് ഉച്ചയ്ക്ക് പവൻ വില 1,120 രൂപ ഉയർന്ന് 1,10,480 രൂപയിലെത്തി.
കരുത്തോടെ രൂപ
വിദേശ നാണയ വിപണിയിൽ ഊഹക്കച്ചവടക്കാർക്കെതിരെ റിസർവ് ബാങ്ക് നടപടി കടുപ്പിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം രണ്ടാം ദിവസവും തുടർന്നു. ഫോർവേർഡ് പൊസിഷനുകൾ റദ്ദാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ മുഖ്യ പലിശ വർദ്ധിപ്പിക്കുമെന്ന സൂചനയും കേന്ദ്ര ബാങ്ക് നൽകി. ഇന്നലെ ഡോളറിനെതിരെ രൂപ 14 പൈസയുടെ നേട്ടത്തോടെ 93.06ൽ അവസാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രൂപ 12 വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിദിന നേട്ടമാണുണ്ടാക്കിയത്.
പ്രധാന സംഭവ വികാസങ്ങൾ
റിസർവ് ബാങ്ക് ധന നയ അവലോകന യോഗം
അമേരിക്കയിലെ ചില്ലറ വില സൂചിക കണക്കുകൾ
പശ്ചിമേഷ്യൻ യുദ്ധവും ക്രൂഡ് വിലയിലെ ചലനങ്ങളും
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പണമൊഴുക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |