
കൊച്ചി: അതിക്രമത്തിനു പിന്നാലെ പരാതിക്കാരിയായ യുവനടിയെ സംവിധായകൻ രഞ്ജിത് ഫോണിൽ വിളിച്ചതായി പൊലീസ് ശേഖരിച്ച സി.ഡി.ആറിൽ വ്യക്തമായി. നടി ഫോൺ എടുത്തിട്ടില്ല. കൂടുതൽ ഡിജിറ്റൽ രേഖകൾ ശേഖരിച്ചശേഷം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് പൊലീസ്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് സി.ജെ.എം കോടതി പരിഗണിച്ചേക്കും.
അതിക്രമംനടന്ന കാരവാനിൽ രഞ്ജിത്ത് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മാഹേഷ്‌കുമാർ പറഞ്ഞു. ആഭ്യന്തര പരാതി സമിതിയുടെ മുന്നിൽ യുവനടി പരാതി നൽകിയോയെന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവം അറിയാമെന്നും കമ്മിഷണർ പറഞ്ഞു.
പരാതി നൽകിയ അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ വിഡിയോചിത്രീകരണം നടത്തിയ ഒരാളെ അറസ്റ്റുചെയ്തു.
രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്ലെന്ന് കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഡി.സി.പി അശ്വതി ജിജി പറഞ്ഞു. കാരവാന് പുറത്തെ സി.സി.ടിവിയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. പ്രതിയെ ഒളിവിൽപ്പോകാൻ ആരെങ്കിലും സഹായിച്ചോയെന്നും അന്വേഷിക്കും. സംവിധായകൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |