
അഭ്യന്തര യാത്രയ്ക്ക് 899 രൂപ വരെ കൂടും
ന്യൂഡൽഹി: ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് എയർ ഇന്ത്യയും എയർഇന്ത്യ എക്‌സ്‌പ്രസും ഇന്ധന സർചാർജ് ചുമത്തി. ഇതോടെ അഭ്യന്തര ടിക്കറ്റുകൾക്ക് 299 മുതൽ 899 രൂപ വരെ വർദ്ധിക്കും. അന്താരാഷ്‌ട്ര യാത്രയ്‌ക്ക് 2000 മുതൽ 26,000 രൂപ വരെയാകും വർദ്ധന. അഭ്യന്തര റൂട്ടുകളിലെ സർചാർജ് ഇന്ന് രാവിലെ ഒമ്പത് മുതൽ നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ റൂട്ടുകളിൽ 10 മുതൽ ബാധകമാകും.
നേരത്തെ എടുത്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമല്ല. എന്നാൽ ബുക്കു ചെയ്‌ത ടിക്കറ്റുകളിൽ തീയതി മാറ്റുമ്പോൾ സർചാർജും ഈടാക്കും. ഇന്ധന വർദ്ധന സർചാർജിൽ പൂർണമായി പ്രതിഫലിക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വ്യോമയാന ഇന്ധന (എ.ടി.എഫ്) വില വർദ്ധിച്ചതിന് ആനുപാതികമായാണ് എയർ ഇന്ത്യയും എയർഇന്ത്യ എക്‌സ്‌പ്രസും സർചാർജ് ഏർപ്പെടുത്തിയത്.
വിമാന ഇന്ധന വില 8.5 ശതമാനം കൂട്ടിയതിനെ തുടർന്ന് ഏപ്രിൽ രണ്ടിന് ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ സർവീസുകളിൽ 275 രൂപ മുതൽ 10,000 രൂപ വരെ നിരക്ക് ഉയർത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാർച്ച് 14 മുതൽ ആഭ്യന്തര - അന്തർദേശീയ വിമാന ടിക്കറ്റുകൾക്ക് 425 മുതൽ 2,300 രൂപവരെ അധിക സെസ് ഈടാക്കുന്നുണ്ട്.
എയർ ഇന്ത്യ സർചാർജ്
ആഭ്യന്തര റൂട്ടുകൾ
500 കിലോ മീറ്റർ വരെ- 299രൂപ
501-1000 കി.മീ- 399 രൂപ
1001-1500 കി.മീ-549 രൂപ
1501-2000 കി.മീ-749 രൂപ
2000 കിലോ മീറ്ററിന് മുകളിൽ- 899 രൂപ
അന്താരാഷ്ട്ര റൂട്ട്
സാർക്ക് രാജ്യങ്ങൾ (ബംഗ്ലാദേശ് ഒഴികെ): 2,232 രൂപ (ഇന്ന് മുതൽ)
പശ്ചിമേഷ്യ:4,651 രൂപ (ഇന്ന്മുതൽ)
ചൈന, തെക്കുകിഴക്കൻ ഏഷ്യ (സിംഗപ്പൂർ ഒഴികെ)- 9,302 രൂപ (ഇന്ന് മുതൽ)
സിംഗപ്പൂർ- 5,581 രൂപ (ഇന്നു മുതൽ)
ആഫ്രിക്ക: 12,092 രൂപ (ഇന്ന് മുതൽ)
യൂറോപ്പ് (യു.കെ ഉൾപ്പെടെ)- 19, 069 രൂപ (10 മുതൽ)
വടക്കേ അമേരിക്ക-26,046 രൂപ (10 മുതൽ)
ആസ്‌ട്രേലിയ- 26,046 രൂപ (10 മുതൽ)
ബംഗ്ലാദേശ്, ജപ്പാൻ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |