SignIn
Kerala Kaumudi Online
Saturday, 25 April 2026 4.28 AM IST

മലമ്പുഴയിൽ നിറഞ്ഞ് നിന്നത് ഡീൽ വിവാദം

Increase Font Size Decrease Font Size Print Page

കഞ്ചിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുടനീളം മലമ്പുഴ നിയോജക മണ്ഡലത്തിൽ നിറഞ്ഞു നിന്നത് ഡീൽ വിവാദം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്ന പശ്ചാത്തലത്തിലാണ് ഡീൽ വിവാദം ഉയർന്നത്. കോൺഗ്രസ്-ബി.ജെ.പി രഹസ്യധാരണ എന്ന ആരോപണമാണ് സി.പി.എം ഉയർത്തിയത്. ഇത് മറികടക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിലാണ് ധാരണയെന്ന് ബി.ജെ.പിയും പ്രചരിപ്പിച്ചു. സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ ഡീൽ ആരോപണവുമായി എത്തിയത് കോൺഗ്രസ് മണ്ഡലത്തിൽ അപ്രസക്തമാണെന്ന് സ്ഥാപിക്കാൻ ഇവരുണ്ടാക്കിയ ഡീൽ ആണെന്ന് കോൺഗ്രസും പ്രചരിപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷിനെ യു.ഡി.എഫ് സ്ഥാനാർത്ഥി ആക്കിയത് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിക്കാനാണെന്നാണ് സി.പി.എം ആരോപണം. മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വാങ്ങുകയും പകരം കോങ്ങാട് മണ്ഡലത്തിൽ ബി.ജെ.പി വോട്ട് കോൺഗ്രസിന് മറിക്കുകയും ചെയ്യുക എന്നതാണ് ഡീൽ എന്നാണ് സി.പി.എം മണ്ഡലത്തിൽ പ്രചരിപ്പിച്ചത്. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ഭാര്യ കെ.എ.തുളസിയാണ് കോങ്ങാട് യു.ഡി.എഫ് സ്ഥാനാർത്ഥി എന്നതിനാൽ ഡീൽ ആരോപണം ചെറുക്കാൻ വി.കെ.ശ്രീകണ്ഠൻ മലമ്പുഴ മണ്ഡലത്തിലെത്തി. വാളയാർ മുതൽ പാറ വരെയുള്ള റോഡ് ഷോയിൽ മുഴുവൻ സമയവും പങ്കെടുത്ത ശ്രീകണ്ഠൻ സി.പി.എമ്മിന്റെ ഡീൽ ആരോപണത്തെ തള്ളി. മലമ്പുഴയിൽ ഇത്തവണ ജയിക്കാനാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനം എം.പി. നടത്തി. പുതിയതായി പാർട്ടിയിലേക്ക് കൊണ്ടുവന്ന എ.സുരേഷിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രവർത്തകർ അംഗീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് വോട്ടുകൾ സി.പി.എമ്മിന് മറിച്ച് നൽകാൻ രഹസ്യ ധാരണയുണ്ടെന്നും ആണ് ബി.ജെ.പി മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചത്. മലമ്പുഴയിൽ കോ-ലീ-ബി മോഡൽ എന്ന് സി.പി.എമ്മും ഇന്ത്യാ മുന്നണിയുടെ കേരളത്തിലെ പരീക്ഷണശാലയെന്ന് ബി.ജെ.പിയും കോൺഗ്രസിനെതിരെ മാർക്സിസ്റ്റ് ബി.ജെ.പി കൂട്ടുകെട്ടായ സി.ജെ.പി പരീക്ഷണമെന്ന് കോൺഗ്രസും മണ്ഡലത്തിലുടനീളം പ്രചാരണം നടത്തി. ഡീൽ വിവാദം നിറഞ്ഞ് നിന്നതിനാൽ പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്തു. എൽ.ഡി എഫ് ഉയർത്തിക്കൊണ്ട് വന്ന വികസന ചർച്ചകൾ, യു.ഡി.എഫ് ഉയർത്തിക്കൊണ്ടുവന്ന ജല ചൂഷണം, പരിസ്ഥിതി പ്രശ്നങ്ങൾ, ഓയാസിസ് വിവാദം, വന്യമൃഗ ശല്യം, ബി.ജെ.പി ഉയർത്തിക്കൊണ്ടുവന്ന മണ്ഡലത്തിലെ വികസന മുരടിപ്പ് കുടിവെള്ള പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം ഡീൽ വിവാദത്തിൽ മുങ്ങിപ്പോയി.

TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.