
അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി രണ്ട് വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചിട്ടും അവ തുറന്നു നൽകുന്നില്ല. സ്വകാര്യ ലോഡ്ജുകളാണ് ഇപ്പോൾ കൂട്ടിരിപ്പുകാർക്ക് ആശ്രയം.
2012ൽ കെ.സി.വേണുഗോപാൽ എം.പിയുടെ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ മുടക്കി 24 കിടക്കകളും ശാചാലയങ്ങളും ഉൾപ്പെടെ ഇരുനിലകളിലായി നിർമ്മിച്ച വിശ്രമകേന്ദ്രവും 2024സെപ്തംബർ 26 ന് ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജ് ഉദ്ഘാടനം ചെയ്ത കാന്റീൻ കം ഗസ്റ്റ് റൂമുമാണ് ആർക്കും പ്രയോജനപ്പെടാതെ അടഞ്ഞുകിടക്കുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന്റെ വടക്ക് ഭാഗത്തുള്ള വിശ്രമകേന്ദ്രം ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ മദ്യ ,മയക്കുമരുന്ന് സംഘങ്ങൾ താവളമാക്കുന്നതായി ആക്ഷേപമുണ്ട്. രാത്രിയിൽ ഈ ഭാഗത്തേക്ക് വരാൻ ഭയമാണെന്നാണ് ജീവനക്കാരും കൂട്ടിരിപ്പുകാരും പറയുന്നത്. അന്യസംസ്ഥാന തൊഴിലാളികളുൾപ്പെടെ ഇവിടെ എത്തി മദ്യപാനം നടത്തുന്നതായി പറയപ്പെടുന്നു. ആശുപത്രി വികസന സമിതിക്ക് വരുമാനം വർദ്ധിപ്പിക്കാമായിരുന്ന കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത്.
അടച്ചുപൂട്ടിയത് കൊവിഡിന്റെ പേരിൽ
വിശ്രമകേന്ദ്രത്തിൽ 25രൂപ നൽകി ഒരു കിടക്ക ഉപയോഗിക്കാനും വസ്ത്രങ്ങൾ സൂക്ഷിക്കാനും ശുചിമുറികൾ ഉപയോഗിക്കാനും കൂട്ടിരിപ്പുകാർക്ക് കഴിഞ്ഞിരുന്നു
2021ൽ കൊവിഡ് വ്യാപന സമയത്ത് അന്നത്തെ സൂപ്രണ്ട് ഡോ.രാംലാൽ കൊവിഡ് ഹെൽപ്പ് ലൈനായി ഈ കെട്ടിടം മാറ്റുകയായിരുന്നു
കൊവിഡ് വ്യാപനത്തിൽ നിന്ന് സംസ്ഥാനം മുക്തമായി കഴിഞ്ഞിട്ടും വിശ്രമകേന്ദ്രം കൂട്ടിരിപ്പുകാർക്ക് നൽകാതെ അടച്ചുപൂട്ടുകയായിരുന്നു
ഇപ്പോൾ വസ്ത്രങ്ങൾ സൂക്ഷിക്കാനും കുളിക്കാനും മറ്റുമായി 300 മുതൽ 1000 രൂപ വരെ ദിവസ വാടക നൽകി മുറി എടുക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ
രണ്ടു വിശ്രമകേന്ദ്രം ആശുപത്രിയിൽ ഉണ്ടായിട്ടും രോഗികളുടെ കൂട്ടിരിപ്പുകാർ സ്വകാര്യ ലോഡ്ജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് .കെട്ടിടങ്ങൾ ഉണ്ടായിട്ടും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്തത് ഇവിടെ എത്തുന്നവരോടുള്ള രോഗികളോടുള്ള വെല്ലുവിളിയാണ്. ആശുപത്രി വികസന സമിതിയുടെ വരുമാനം കുറയ്ക്കുന്നതിനുമിടയാക്കുന്നു
- വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |