
കൊച്ചി: വ്യാജ മത്സ്യവിപണനത്തിന്റെ പേരിൽ ലക്ഷങ്ങൾതട്ടിയ കേസിൽ പ്രതിക്ക് രണ്ടുവർഷം തടവും പതിനായിരംരൂപ പിഴയും ശിക്ഷവിധിച്ച് കോടതി. സീഗൾ ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഏജന്റാണെന്ന് വിശ്വസിപ്പിച്ച് 26ലക്ഷം രൂപ തട്ടിയെടുത്ത എറണാകുളം തമ്മനം പല്ലിശേരി റോഡ് പുത്തൻവീട്ടിൽ പി.സി. ജോഷിയെയാണ് (69) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അലൻ ഇ. ബൈജു ശിക്ഷിച്ചത്.
2014 ഏപ്രിൽ -ആഗസ്റ്റ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം. മത്സ്യവിപണന സംരംഭത്തിൽ പണംനിക്ഷേപിച്ചാൽ വലിയലാഭം നൽകാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു തട്ടിപ്പ്. റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ എം.എ. ഫ്രാൻസിസിനെയാണ് പ്രതി ചതിയിൽപ്പെടുത്തിയത്. തട്ടിപ്പിനായി തയ്യാറാക്കിയ കരാറുകളിൽ സൂചിപ്പിച്ചിരുന്ന സീഗൾഫിഷറീസ് എന്ന സ്ഥാപനം വ്യാജമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
പാലാരിവട്ടം പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈജു സൈനുൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |