വെള്ളറട: വേനൽ ചൂടിൽ മലയോരം ചുട്ടുപൊള്ളുന്ന സ്ഥിതിയിൽ. രാത്രിയും പകലും ഒരുപോലെയാണ് ചൂട് അനുഭവപ്പെടുന്നത്. പാറകൾ നിറഞ്ഞ പ്രദേശമായിതനാൽ അതികാഠിന്യമായ ചൂടാണ്. രാവിലെ 28 മുതൽ 29ഡിഗ്രിയിൽ തുടങ്ങുന്ന ചൂട് ഉച്ചയാവുമ്പോൾ 35നു മുകളിൽ എത്തുന്നു. പുറത്തിറങ്ങി നടക്കാനും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.
ചൂടിന് കാഠിന്യം കൂടിയതോടെ ചെറുനീരുറവകളും തോടുകളും വറ്റിവരണ്ടു. കുന്നിൻ മുകളിലുള്ള പ്രദേശങ്ങളിലിപ്പോൾ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുല്ലുകളെല്ലാം കരിഞ്ഞുണങ്ങിയതിനാൽ കന്നുകാലിക്കർഷകരും ബുദ്ധിമുട്ടിലാണ്. കാട്ടിലെ നീരുറവകൾ വറ്റിവരണ്ടതോടെ കാട്ടിൽ നിന്നും വെള്ളവും ആഹാരവും തേടിയെത്തുന്ന വന്യജീവികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.
മലയോര കർഷകന് വന്യജീവിശല്യം മൂലം ആദായം ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. ഇതിനു പുറമെയാണ് വന്യജീവികളുടെ കൂട്ടമായ വരവ്.
കുടിവെള്ളക്ഷാമം, കൃഷിയും പ്രതിസന്ധിയിൽ
പച്ചക്കറി കൃഷിയേയും വേനൽ കാര്യമായി ബാധിച്ചിട്ടുണ്ട്. വെള്ളറട പഞ്ചായത്തിലെ പന്നിമലയിലും പരിസര പ്രദേശങ്ങളിലുമാണ് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. വെള്ളറടയിൽ കുടിവെള്ള വിതരണത്തിന് ജലജീവൻ പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി പന്നിമലയിൽ പൈപ്പുകൾ സ്ഥാപിച്ചുവെങ്കിലും കുടിവെള്ളം എത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാളിപ്പാറ ജലവിതരണ പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. അമ്പൂരിയിലെ സംഭരണിയിലാണ് വെള്ളം ശേഖരിക്കുന്നത്. വെള്ളറടയിൽ കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള വെള്ളം ശേഖരിക്കാൻ സംഭരണിയില്ലാത്തതും ശുദ്ധജല വിതരണത്തെ കാര്യമായി ബാധിക്കുന്നു. ഇത് കൊടും വേനലിൽ ശുദ്ധജലക്ഷാമത്തിനും ഇടയാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |