
അന്വേഷണം നടത്തേണ്ടത് 82 കോടിയോളം നഷ്ടം വരുത്തിയ റവന്യു ഉദ്യോഗസ്ഥർക്കെതിരെ
കണ്ണൂർ: അഞ്ചരക്കണ്ടി പടുവിലായി കീഴല്ലൂർ വില്ലേജുകളിൽ കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്തതിൽ ഉപേക്ഷ കാണിച്ച് 82 കോടിയോളം രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ മൂന്നുമാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് അഡ്വ.സി.കെ. മോഹനൻ മുഖേന സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
മതിയായ പരിശോധന നടത്താതെ 82 കോടിയോളം രൂപ കോടതിയിൽ കെട്ടിവച്ചതുവഴി ഉദ്യോഗസ്ഥർ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് നേരത്തെ റവന്യു വിജിലൻസ് കണ്ടെത്തിയിരുന്നു. 672 പേരുടെ ഭൂമിയാണ് കിൻഫ്രയ്ക്കായി ഏറ്റെടുത്തത്. ഇതിൽ 260 പേരുടെ ഭൂമിയുടെ തുക മതിയായ രേഖകളില്ലെന്ന കാരം പറഞ്ഞ് ഉദ്യോഗസ്ഥർ കോടതിയിൽ കെട്ടിവെക്കുകയായിരുന്നു. ഇതിൽ നാലുപേർ മാത്രമാണ് രേഖ ഹാജരാക്കിയത്.ഇതിലൂടെയാണ് 82 കോടി രൂപ സർക്കാരിന് നഷ്മമുണ്ടാക്കിയത്.
സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (കിൻഫ്ര) ചാലോട് ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ ആയിരുന്ന ഷാജി, വാല്വേഷൻ അസിസ്റ്റന്റായിരുന്ന പ്രദീപൻ, തഹസിൽദാറായിരുന്ന ഷെർലി എന്നിവർക്കെതിരെ മുണ്ടയാടൻ രാജൻ നൽകിയ പരാതിയിലാണ് റവന്യൂ വിജിലൻസ് അന്വേഷണം നടത്തിയത്.ഉത്തരമേഖല വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ പരിശോധന റിപ്പോർട്ടിലും പരിശോധനാ വിഭാഗം സീനിയർ സൂപ്രണ്ടിന്റെ പറിപ്പോർട്ടിലും വാല്വേഷൻ അസിസ്റ്റന്റായിരുന്ന പ്രദീപൻ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു.മഹസ്സർ തയ്യാറാക്കുമ്പോഴും ആധാരത്തിന്റെ നിജസ്ഥിതി അറിയാൻ മുൻ റിക്കാർഡുകൾ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുന്നതിൽ ജാഗ്രത കുറവുണ്ടായെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയതാണ്. അവകാശ തർക്കത്തിന് ഇടയാക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ച കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
കോടതി നിർദേശം കാറ്റിൽ പറത്തി
നേരത്തേ ഈ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി വേഗത്തിലാക്കാൻ കോടതി ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. രണ്ടാം തവണ കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയ കാര്യം കോടതിയെ അറിയിച്ചത്.വിജിലൻസ് കോഴിക്കോട് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ജില്ല കളക്ടർക്ക് കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും പക്ഷെ നടപടിയുണ്ടായിട്ടില്ല. ലാൻഡ് റവന്യൂ കമീഷണർക്കും ഈ റിപ്പോർട്ട് നൽകിയിരുന്നു.പിന്നാലെ മനോജ് മൂർക്കോത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ജൂൺ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടപടിയായില്ല.തുടർന്നാണ് മനോജ് മൂർക്കോത്ത് ഹൈക്കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |