
ബംഗളൂരു: പ്രണയപ്പകയെത്തുടർന്ന് യുവാവിനെ കാമുകി കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബംഗളൂരുവിലെ ആഞ്ജനാ നഗറിലാണ് സംഭവം. 27 കാരനായ കിരൺ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ കാമുകിയായ പ്രേമയെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. പാശ്ചാത്യ രീതിയിൽ വിവാഹാഭ്യർത്ഥന നടത്താമെന്ന് പറഞ്ഞ് പ്രേമ കിരണിനെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം.
കുറച്ച് സമയം സംസാരിച്ചിരുന്നതിന് ശേഷം കണ്ണുകൾ മൂടിക്കെട്ടി കിരണിന്റെ കൈകാലുകൾ പ്രേമ കയറുകൊണ്ട് ബന്ധിച്ചു. എന്തിനാണ് കെട്ടിയിടുന്നതെന്ന് കിരൺ ചോദിച്ചപ്പോൾ, ഇത് പ്രൊപ്പോസലിന്റെ ഭാഗമാണെന്ന് പറഞ്ഞ് പ്രേമ കിരണിനെ വിശ്വസിപ്പിച്ചു. തുടർന്ന് മുൻകൂട്ടി കരുതിയിരുന്ന മണ്ണെണ്ണ കിരണിന്റെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ കിരൺ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൊലപാതക ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയെന്നും പൊലീസ് പറയുന്നു.
രാജാജിനഗറിലെ ടെലിക്കോം സ്റ്റോറിലെ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട കിരണും പ്രതിയായ പ്രേമയും. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ അടുത്തകാലത്തായി കിരൺ തന്നെ അവഗണിക്കുന്നതിൽ പ്രേമ കടുത്ത ദേഷ്യത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം ജോലി ആവശ്യത്തിനായി നിലമംഗലത്തേക്ക് പോകാനായി കിരൺ പ്രേമയുടെ അടുത്തെത്തിയിരുന്നു. അവിടെനിന്നാണ് ഇരുവരും പ്രേമയുടെ വീട്ടിലേക്ക് പോയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. പ്രേമക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കൃത്യം നടത്താൻ ഉപയോഗിച്ച വസ്തുക്കളും പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |