കൊട്ടാരക്കര: കൊട്ടാരക്കര-പുത്തൂർ റോഡിന്റെ നവീകരണ ജോലികൾ അശാസ്ത്രീയമെന്ന് പരാതി. ശാസ്താംകോട്ട-കൊട്ടാരക്കര കോടതി സമുച്ചയം റോഡ് നവീകരണത്തിനായി അനുവദിച്ച തുക ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിലച്ചിരിക്കുന്നത്.
പദ്ധതിയും പുതിയ കരാറും
നേരത്തെ 20.80 കോടി രൂപ അനുവദിച്ച പദ്ധതിയുടെ നിർമ്മാണ ജോലികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഇടപെടലിനെത്തുടർന്നാണ് ശേഷിച്ച തുകയായ 12.5 കോടി രൂപയ്ക്ക് പുതിയ കരാർ നൽകിയത്. എന്നാൽ, ടാറിംഗ് അടക്കമുള്ള ജോലികൾ ഇപ്പോഴും അപൂർണ്ണമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അപകടക്കെണിയൊരുക്കി സംരക്ഷണ കുറ്റികൾ
കോട്ടാത്തല പത്തടി കിടങ്ങിൽ മുതൽ പണയിൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് നിർമ്മാണം ഏറ്റവും അശാസ്ത്രീയമായി നടക്കുന്നത്. സാധാരണ നിലയിൽ സംരക്ഷണ ഭിത്തിക്ക് മുകളിലാണ് സംരക്ഷണ കുറ്റികൾ സ്ഥാപിക്കേണ്ടത്. എന്നാൽ ഇവിടെ ഭിത്തിയിൽ നിന്നും ഒന്നര മീറ്ററോളം മാറ്റി റോഡിനോട് ചേർന്നാണ് കുറ്റികൾ സ്ഥാപിക്കുന്നത്. വളവുള്ള ഭാഗമായതിനാൽ വാഹനങ്ങൾ കുറ്റികളിലിടിച്ച് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ടാറിംഗിനോട് ചേർന്ന് കുറ്റികൾ വന്നതോടെ കാൽനടയാത്രക്കാർക്ക് വഴിയില്ലാത്ത അവസ്ഥയാണ്.
സംരക്ഷണ ഭിത്തിയിലെ അപാകതകൾ
കോട്ടാത്തല പത്തടി കലുങ്ക് മുതൽ പണയിൽ പെട്രോൾ പമ്പ് വരെയുള്ള തോടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടണമെന്നതായിരുന്നു ആവശ്യം. ചിലയിടങ്ങളിൽ ഭിത്തി പുനർനിർമ്മിച്ചെങ്കിലും അത് റോഡിന്റെ ഉയരത്തിനൊപ്പമായിട്ടില്ല. ബാക്കി ഭാഗങ്ങളിൽ തോട് റോഡിൽ നിന്നും ഏറെ താഴ്ചയിലാണ് കിടക്കുന്നത്. ടാറിംഗ് പൂർത്തിയാക്കിയ ഭാഗങ്ങളിൽ പോലും റോഡ് വീണ്ടും തകരാൻ തുടങ്ങിയത് നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതിഷേധം ശക്തം
അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച കുറ്റികൾ പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി പണയിൽ ക്ഷേത്ര ഭരണസമിതിയും പൊതുപ്രവർത്തകരും രംഗത്തെത്തി. പരാതികളെത്തുടർന്ന് നിലവിൽ നിർമ്മാണ ജോലികൾ നിറുത്തിവെച്ചിരിക്കുകയാണ്. കൈയേറ്റഭൂമി തിരിച്ചുപിടിക്കാനും കൃത്യമായ വീതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പദ്ധതിക്കായി ആദ്യം അനുവദിച്ച തുക
20.80 കോടി രൂപ
പുതിയ കരാർ തുക
12.5 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |