നിർമ്മാണ പ്രവൃത്തികൾ അവതാളത്തിൽ
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തിൽ ടാർ വില കുതിച്ചുയർന്നത് റോഡ് നിർമ്മാണങ്ങളെ അവതാളത്തിലാക്കി. യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവാണ് ടാർ വില വർദ്ധിക്കാൻ കാരണം.
കഴിഞ്ഞ ഡിസംബറിൽ ടണ്ണിന് 52,799 രൂപയായിരുന്ന വി.ജി 30 ഗ്രേഡ് ബിറ്റുമിന്‍ വില ഇപ്പോൾ 91,943 രൂപയായി. അതിനാൽ നിലവിൽ കരാറുകാർ ഏറ്റെടുത്തിട്ടുള്ള റോഡ് നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ വൻതുക അധികം വേണ്ട സ്ഥിതിയാണ്. ഏറ്റവും കൂടുതൽ ടാറിംഗ് ജോലികൾ നടക്കുന്നത് വേനൽക്കാലത്താണ്. എന്നാൽ ജനപ്രതിനിധികളുടെ സമ്മർദ്ദത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് നടന്നതൊഴികെ കാര്യമായ റോഡ് പുനരുദ്ധാരണം നടന്നിട്ടില്ല. പ്രവൃത്തികൾ ആരംഭിക്കാനാകാത്തത് കരാറുകാരെയും തൊഴിലാളികളെയും വലച്ചു. പ്രവൃത്തികൾ പൂർത്തിയാക്കി ബില്ല് മാറാനാകാതെ കരാറുകാർ വിഷമിക്കുമ്പോൾ തൊഴിലാളികൾ ജോലിയില്ലാതെ തെക്കുവടക്ക് നടക്കുന്ന അവസ്ഥ.
വിവിധതരം ബിറ്റുമിനുകൾ, ടണ്ണിന് മാർച്ച് ഒന്നിലെ വില, ഇപ്പോഴത്തെ വില (രൂപയിൽ)
വി.ജി 30- 58,764- 91,943
വി.ജി 40- 61,174- 99,243
എൽ.ഡി ഓയിൽ - 73,257- 1,93,619
ആർ.എസ് വൺ- 10,897- 15,545
എസ്.എസ് വൺ - 16,321- 17,504
................................
കേന്ദ്ര മാതൃക വേണം
ബിറ്റുമിൻ വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവൃത്തികൾ മുടങ്ങാതിരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തങ്ങളുടെയും എൻ.എച്ച്.എ.ഐയുടെയും പ്രവൃത്തികൾക്ക് അധികവില നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാതൃകയിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളും അധിക വില നൽകണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി എസ്. ദിലീപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. മഴ ആരംഭിച്ചാൽ റോഡ് നിർമ്മാണം തുടങ്ങാൻ വീണ്ടും മാസങ്ങൾ കാത്തിരിക്കണം. അതുകൊണ്ട് ഈ സീസണൽ തന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അസോസിയേഷന്‍ ഭാരവാഹികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |