SignIn
Kerala Kaumudi Online
Wednesday, 13 May 2026 5.23 PM IST

ആധാർ പുതുക്കാം, തിരുത്താം: സ്‌കൂളുകളിൽ ഒന്ന് മുതൽ ക്യാമ്പുകൾ

Increase Font Size Decrease Font Size Print Page
digi

കൊച്ചി: വിദ്യാർത്ഥികളുടെ ആധാർ എൻറോൾമെന്റിനും ബയോമെട്രിക് പുതുക്കുന്നതിനുമായി തപാൽവകുപ്പ് ജില്ലയിലെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ആധാറിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനൊപ്പം ജനനത്തീയതി, വിലാസം എന്നിവയിൽ മാറ്റം വരുത്താനും പുതിയ ആധാറിനായി അപേക്ഷിക്കാനും സൗകര്യമുണ്ടാകും. ജൂൺ 1ന് ആരംഭിക്കുന്ന ക്യാമ്പുകൾ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും. മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുമായി ഏകോപന യോഗം ചേർന്നു. പദ്ധതി സുഗമമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർമാർ, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായും ചർച്ചകൾ നടത്തി. ആധാർ എൻറോൾമെന്റിന്റെയും വിവരങ്ങൾ പുതുക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെയും സ്‌കൂൾ അധികൃതരെയും ബോധവത്കരിക്കുന്നതിന് തപാൽ വകുപ്പ് തയ്യാറാക്കിയ വിശദമായ ചെക്ക്‌ലിസ്റ്റ് ജില്ലാ ഉദ്യോഗസ്ഥർക്ക് കൈമാറി.

'ഒരു മേഖല, ഒരു ലക്ഷ്യം – എല്ലാ കുട്ടികൾക്കും പുതുക്കിയ ആധാർ' എന്ന ദൗത്യത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ആധാർ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയെന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിനും, എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആധാർ അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഇന്ത്യ പോസ്റ്റിന്റെ പ്രതിജ്ഞാബദ്ധതയാണ് പദ്ധതിയെന്ന് തപാൽ വകുപ്പ് അധികൃതർ പറഞ്ഞു. സ്‌കൂൾ അധികൃതരുമായും പി.ടി.എ അംഗങ്ങളുമായും ചർച്ചകൾ ആരംഭിച്ചു.

ക്യാമ്പുകളിൽ ആധാർ സേവനങ്ങൾക്ക് പുറമെ ലഘുസമ്പാദ്യ പദ്ധതികൾ, ഇൻഷ്വറൻസ്, തപാൽ സ്റ്റാമ്പ് ശേഖരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കുമായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

TAGS: LOCAL NEWS, ERNAKULAM, ADHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL