SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

കൊച്ചി തുറമുഖത്ത് കൂറ്റൻ കപ്പലുകൾ വരണം

Increase Font Size Decrease Font Size Print Page
pic

ചാലിന്റെ ആഴം കൂട്ടാൻ തുറമുഖം

കൊച്ചി: കൊച്ചി തുറമുഖത്തേക്ക് വമ്പൻ മദർഷിപ്പുകൾക്ക് പ്രവേശനം സാധ്യമാക്കാൻ കപ്പൽച്ചാലിന്റെ ആഴം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിന്റെ ശേഷി പൂർണ്ണമായി വിനിയോഗിച്ച് ഇടപാടുകൾ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെത്തുന്ന മദർഷിപ്പുകളെ ആകർഷിക്കാനും വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്കൊപ്പം കൊച്ചിയെയും മുന്നിലെത്തിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഡ്രഡ്ജിംഗിന്റെ പരിസ്ഥിതി ആഘാതപഠനം, കൺസൾട്ടൻസി എന്നിവയ്ക്കുള്ള നടപടികൾ ആരംഭിച്ചു. പരിസ്ഥിതി, തീരദേശ പരിപാലന നിയമം (സി.ആർ.ഇസഡ്) എന്നിവ പ്രകാരമുള്ള അനുമതി ലഭിച്ചാൽ കപ്പൽച്ചാലിന്റെ ആഴം കൂട്ടുന്നതിനുള്ള കരാറിന് ടെൻഡർ വിളിക്കും.

വരുമാനം ഇരട്ടിയാക്കാം

വല്ലാർപാടം ടെർമിനലിൽ നിലവിൽ മദർഷിപ്പുകൾ വരുന്നില്ല. കേരളത്തിലേക്കുള്ള കണ്ടെയ്‌നറുകൾ മദർഷിപ്പുകൾ കൊളംബോ തുറമുഖത്ത് ഇറക്കി ചെറിയ കപ്പലുകളിൽ കൊച്ചിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. കപ്പൽച്ചാലിന്റെ ആഴം കൂട്ടിയാൽ മദർഷിപ്പുകൾക്ക് നേരിട്ട് പ്രവേശിക്കാനാകും. കൊളംബോ ഒഴിവാക്കി ചരക്കുകൾ നേരിട്ട് കൊച്ചിയിൽ ഇറക്കാൻ കഴിയുന്നതോടെ ചരക്കുനീക്കവും വരുമാനവും ഇരട്ടിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ചുമതല തുറമുഖ അതോറിട്ടിക്ക്

കടലിൽ നിന്ന് തുറമുഖത്തേക്കുള്ള കപ്പൽച്ചാലിന് (ഔട്ടർ കനാൽ) നിലവിൽ 14.5 മീറ്റർ ആഴമാണുള്ളത്. ഇത് 16 മീറ്ററായി വർദ്ധിപ്പിക്കും. 13 കിലോമീറ്റർ നീളമാണ് കപ്പൽച്ചാലിനുള്ളത്. കപ്പൽച്ചാലിലെ ചെളി ഡ്രഡ്ജർ ഉപയോഗിച്ച് നീക്കിയാണ് ആഴം വർദ്ധിപ്പിക്കുന്നത്. വല്ലാർപാടം ടെർമിനൽ നടത്തുന്ന ഡി.പി വേൾഡും തുറമുഖ അതോറിട്ടിയും തമ്മിലുള്ള കരാർ പ്രകാരം കപ്പൽച്ചാലിന്റെ ആഴം കൂട്ടേണ്ട ചുമതല തുറമുഖ അതോറിട്ടിക്കാണ്. കപ്പൽച്ചാലിലും രണ്ട് വാർഫുകളിലേയ്ക്കുള്ള കനാലുകളിലും എല്ലാവർഷവും ആഴം കൂട്ടുന്നുണ്ട്.

സാഗരമാല പദ്ധതിയിൽ ഉൾപ്പെടുത്തി ഏതാനും വർഷം മുമ്പാണ് ആഴം കൂട്ടലിന് നടപടി ആരംഭിച്ചത്. വിവിധ കാരണങ്ങളാൽ അന്തിമ തീരുമാനം വൈകുകയായിരുന്നു. വിഴിഞ്ഞം തുറമുഖം വളരുന്ന സാഹചര്യത്തിൽ മദർഷിപ്പുകളെ ആകർഷിക്കേണ്ടത് അനിവാര്യമായതിനാലാണ് പരിസ്ഥിതി ആഘാതപഠനത്തിന് നടപടികൾ ആരംഭിച്ചത്.

പ്രതീക്ഷിക്കുന്ന ചെലവ് -700 കോടി

മത്സ്യമേഖലയിൽ ആശങ്ക

കപ്പൽച്ചാലിന്റെ ആഴം കൂട്ടുന്നതിൽ മത്സ്യമേഖലയിലെ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആഴം കൂട്ടുമ്പോൾ തീരം ഇടിയുമോയെന്ന സംശയമാണ് ആശങ്കയ്‌ക്ക് കാരണം. ശാസ്ത്രീയമായ പഠനം നടത്തി മാത്രമേ ആഴം കൂട്ടാവൂവെന്നാണ് മത്സ്യത്തൊഴിലാളി ഐക്യവേദി ഉൾപ്പെടെ സംഘടനകൾ ആവശ്യപ്പെടുന്നത്.

ഡ്രഡ്‌ജിംഗ്

വാർഷിക ചെലവ് 156.50 കോടി

കപ്പൽച്ചാൽ (ഔട്ടർ കനാൽ)

നീളം 13 കിലോമീറ്റർ

വീതി 260 – 286 മീറ്റർ

ആഴം 14.5 മീറ്റർ

ലക്ഷ്യം 16 മീറ്റർ

TAGS: LOCAL NEWS, ERNAKULAM, DEEPENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL