SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

കൊതുക് വർദ്ധിച്ചാൽ ഉടൻ എസ്‌.എം‌.എസ് തലസ്ഥാനത്ത് വിജയകരമായി സ്മാർട്ട് മൊസ്കിറ്റോ ഡെൻസിറ്റി സിസ്റ്റം

Increase Font Size Decrease Font Size Print Page

സ്ഥാപിച്ചത് മൂളൽ തിരിച്ചറിയുന്ന സെൻസർ

തിരുവനന്തപുരം: നഗരത്തിലെ കൊതുക്‌ ജന്യരോഗങ്ങളെ ചെറുക്കാനും കൊതുകുകളുടെ​സാന്നിദ്ധ്യം നിരീക്ഷിക്കാനും,സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ‘സ്മാർട്ട് മൊസ്‌കിറ്റോ ഡെൻസിറ്റി സിസ്റ്റത്തിന്റെ’ പരീക്ഷണം വിജയകരം.

നിലവിൽ നഗരത്തിലെ 25 കേന്ദ്രങ്ങളിലായി 24 ഉപകരണങ്ങളാണ് സ്ഥാപിച്ചത്.ഹൈടെക് ഉപകരണങ്ങളിലൂടെ കൊതുകുകളുടെ സാന്ദ്രത നിരീക്ഷിച്ച്,ആരോഗ്യവിഭാഗത്തിന് തത്സമയ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. കൊതുക് കൂടുതലുള്ള ചില മേഖലകളിൽ ഒന്നിലധികം ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

മനുഷ്യശരീരത്തിന്റെ മണമുള്ള പ്രത്യേക ജെൽ ഉപകരണത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.ഇതിന്റെ ആകർഷണത്തിൽ കൊതുകുകൾ ഉപകരണത്തിനുള്ളിലേക്ക് കടക്കും. തുടർന്ന് ചെറിയ പൈപ്പിലൂടെ അകത്തേക്ക് പോകുമ്പോഴുണ്ടാകുന്ന ചിറകടിയുടെ ഫ്രീക്വൻസിയാണ് സെൻസറുകൾ തിരിച്ചറിയുന്നത്. ഫ്രീക്വൻസി ഡാറ്റയുടെ അടിസ്ഥാനത്തിൽ കൊതുകുകളുടെ സാന്ദ്രതയും ഇനവും തിരിച്ചറിയാൻ സംവിധാനത്തിന് കഴിയും.

അനോഫിലിസ്,ക്യൂലക്സ് കൊതുകുകളെ വരെ തിരിച്ചറിയാനാകുമെന്ന് അധികൃതർ

പദ്ധതി ഇങ്ങനെ

ഒരു പ്രദേശത്ത് കൊതുകുകളുടെ എണ്ണം കൂടുതലാണെങ്കിൽ ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഉടൻ എസ്‌.എം‌.എസ് അലർട്ട് ലഭിക്കും.തുടർന്ന് ഫ്യൂമിഗേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവിഭാഗം നടത്തും.

ലക്ഷ്യം

ഡെങ്കിപ്പനി,മലേറിയ തുടങ്ങിയ കൊതുക്‌ജന്യ രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.നിലവിൽ കൊതുകുകളുടെ സാന്ദ്രത വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ശ്രമം.സിസ്റ്റത്തിൽ നിന്നുള്ള വിവരങ്ങൾ നഗരസഭയിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്കാണ് എത്തുന്നത്.

 സെൻസർ സ്ഥാപിച്ചിരിക്കുന്നത്

25 കേന്ദ്രങ്ങളിൽ

രാജാജി നഗർ അങ്കണവാടി,പുത്തരിക്കണ്ടം എസ്‌.സി.ടി.എൽ ഗ്രൗണ്ട്,ഈഞ്ചയ്ക്കൽ,ആനയറ വേൾഡ് മാർക്കറ്റ്,തൈക്കാട് വനിത - ശിശു ആശുപത്രി,കടകംപള്ളി എഫ്‌.എച്ച്‌.സി,മെഡിക്കൽ കോളേജ് പരിസരം,പൂങ്കുളം വെറ്ററിനറി ആശുപത്രി,ജനറൽ ആശുപത്രി മോർച്ചറി പരിസരം,മുടവൻമുകൾ,ചാക്ക,ഈസ്റ്റ് ഫോർട്ട് ഗാന്ധി പാർക്ക്,എസ്‌.സി.ടി പാർക്ക് തുടങ്ങിയ ഇടങ്ങളിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL