SignIn
Kerala Kaumudi Online
Wednesday, 13 May 2026 5.23 PM IST

സംഹാരതാണ്ഡവമാടി കാറ്റ്; വ്യാപക നഷ്ടം

Increase Font Size Decrease Font Size Print Page
force

കൊച്ചി: ഇന്നലെ വൈകിട്ട് വീശിയ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും മരച്ചില്ലകൾ വീണും വ്യാപക നാശനഷ്ടം. പലയിടത്തും ഇന്റർനെറ്റ്, ടി.വി കേബിളുകളും വൈദ്യുതി ലൈനുകളും തകർന്നു. ഇടക്കൊച്ചി, പള്ളുരുത്തി. തൃപ്പൂണിത്തുറ, കുണ്ടന്നൂർ മേഖലകളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്.

ഫോർട്ട് കൊച്ചി പരേ‌ഡ് ഗ്രൗണ്ടിന് സമീപം പടുകൂറ്റൻ തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് മൂന്ന് ഓട്ടോകളും ഒരു സ്കൂട്ടറും തകർന്നു. മലബാർ ഹോട്ടലിന്റെ ഭാഗത്ത് റോഡിലേക്കാണ് വീണത്. ഈ സമയം ഇതുവഴി വന്ന ഓട്ടോയുടെ ഡ്രൈവറും യാത്രക്കാരനും കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് വാഹനം നിർത്തി ഇറങ്ങിയോടി. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മറ്റ് രണ്ട് ഓട്ടോകളും സ്കൂട്ടറും ഇവിടെ നി‌ർത്തി ഇട്ടിരുന്നവയാണ്. മട്ടാഞ്ചേരി ഫയർഫോഴ്സ് മറ്റ് സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പോയതിനാൽ ക്ലബ്ബ്റോഡ് ഫയർഫോഴ്സ് എത്തിയാണ് മുറിച്ച് മാറ്റിയത്. വൈദ്യുതി ലൈനുകളും തക‌ർന്നു.

പള്ളുരുത്തി പെട്രോൾ പമ്പിന് സമീപം തങ്ങൾനഗർ, നമ്പ്യാർമഠം, ഇടക്കൊച്ചി ജ്ഞാനോദയം പാമ്പായിമൂല, ഇന്ദിരാഗാന്ധി റോഡ് തുടങ്ങി മട്ടാഞ്ചേരി, ഇടക്കൊച്ചി മേഖലകളിൽ നിരവധി പ്രദേശങ്ങളിൽ മരം വീണ് നാശനഷ്ടമുണ്ടായി. മട്ടാഞ്ചേരിക്ക് പുറമെ അരൂർ ഫയർഫോഴ്സും എത്തിയാണ് മുറിച്ചുമാറ്റിയത്.

തേവര ഫെറി സിഗ്നലിന് സമീപം റോഡിന് കുറുകെ പോയിരുന്ന ഉപരിതല കേബിൾ ശൃംഖല കാറ്റിൽ താഴേക്ക് തൂങ്ങിയത് ഗതാഗത തടസത്തിന് ഇടയാക്കി. സ്ഥലത്ത് എത്തിയ ട്രാഫിക് പൊലീസ് മുകളിലേക്ക് കെട്ടിവലിച്ച് നിർത്തി ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു. പിന്നീട് ജിയോ അധികൃതരെത്തിയാണ് കേബിൾ മുറിച്ച് അപകട നില ഒഴിവാക്കിയത്. ഇതിനിടെ സിഗ്നലിന് സമീപം സ്വകാര്യബസ് സാങ്കേതിക തകരാറിനെ തുട‌ർന്ന് ഓട്ടംനിലച്ച് കിടന്നതും ഗതഗതത്തെ ബാധിച്ചു.

എറണാകുളം നഗരത്തിന്റെ വിവിധഭാഗങ്ങളിലും മരങ്ങൾ വീണു. കുണ്ടന്നൂർ പാലം , ലേക്ക്ഷോർ ഭാഗങ്ങളിൽ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ വീണും നാശമുണ്ടായി. ഗാന്ധിനഗർ ഫയർഫോഴ്സ് എത്തിയാണ് മുറിച്ചു നീക്കിയത്.

TAGS: LOCAL NEWS, ERNAKULAM, WIND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL