
നെയ്യാറ്റിൻകര: കന്നിപ്പുറം പാലം നിർമ്മാണം ഇഴയുന്നതായി പരാതി.ഇരുമ്പിൽ നിവാസികളുടെ പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്ന പാലത്തിന്റെ,നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്.
എൽ.ഡി.എഫ് സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിന്റെയും,രണ്ടുവശത്തെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം ആരംഭിച്ചെങ്കിലും ഇപ്പോൾ പതിയെയാണ് നീങ്ങുന്നത്.പുതിയ സർക്കാർ,കിഫ്ബി പദ്ധതി ഉപേക്ഷിച്ചാൽ ഈ പാലം നിർമ്മാണവും നിലയ്ക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ഇപ്പോൾ നടക്കുന്ന ആറിനകത്തെ ഫില്ലറുകൾ നിർമ്മിക്കാനുള്ള പൈലിംഗ് ജോലികൾ മഴക്കാലമായാൽ നിലയ്ക്കും.നെയ്യാറ്റിൻകര ഭാഗത്തെ അപ്രോച്ച് റോഡ് നെയ്യാറ്റിൻകര കോടതിയുടെ മതിൽ പൊളിച്ച് വേണം നിർമ്മിക്കാൻ.ഇപ്പോഴാകട്ടെ കോടതിക്ക് മദ്ധ്യവേനലവധിക്കാലമാണ്.അപ്രോച്ച് റോഡ് പണിയാനുള്ള വാട്ടർ അതോറിട്ടിയുടെ അനുമതി ഇതേ വരെ ലഭ്യമായിട്ടുമില്ല.എത്രയും വേഗം പാലം പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലം വന്നാൽ
ഇരുമ്പിൽ നിവാസികൾക്ക് എട്ട് കിലോമീറ്റർ ചുറ്റി മഞ്ചവിളാകം വഴിയാണ് നെയ്യാറ്റിൻകര ടൗണിൽ എത്തേണ്ടത്.നെയ്യാറിന് കുറുകെ പാലം പണി പൂർത്തിയായാൽ ഇരുമ്പിൽ നിന്ന് നേരെ ടൗണിൽ എത്താനാകും.
യാത്ര ദുഷ്കരം
നെയ്യാറിലൂടെ ചെറുതോണികളിലാണ് ഇപ്പോൾ യാത്ര. നെയ്യാറിലെ ജലം കരകവിഞ്ഞൊഴുകിയാൽ അതും നിലയ്ക്കും.സ്കൂൾ തുറക്കുന്നതോടൊപ്പം മഴക്കാലം കൂടി വന്നാൽ ഇരുമ്പിൽ നിവാസികളുടെ ടൗണിലേക്കുള്ള യാത്ര ദുഷ്കരമാകും.
ഗുണം
നെയ്യാറ്റിൻകര കോടതിയിൽ നിന്ന് കന്നിപ്പുറം കടവ് കടന്ന് ഇരുമ്പിൽ മരുതത്തൂർ,ചായ്‌ക്കോട്ടുകോണം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് കന്നിപ്പുറം പാലം.
പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ് 5 കോടി
25ലക്ഷം രൂപ ഭൂമിയേറ്റെടുക്കാനായി വിനിയോഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |