
ന്യൂഡൽഹി: കഴിഞ്ഞ പത്തുദിവസമായി കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന മുഖ്യമന്ത്രിയെ എ.ഐ.സി.സി നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്.ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുളള നേതാക്കൾ സംബന്ധിക്കും.
വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ നിന്ന് ഒരാളെ നിശ്ചയിക്കാൻ ഇന്നലെയും കേന്ദ്ര നേതൃത്വം ചർച്ചയോട് ചർച്ചയായിരുന്നു.
ഖാർഗെയുടെ വസതിയിൽ വൈകിട്ട് 5.40ന് എത്തിയ രാഹുൽ അരമണിക്കൂർ ചർച്ച നടത്തി മടങ്ങി. മാദ്ധ്യമ വിഭാഗം ചുമതലയുള്ള ജയറാം രമേശ് അവിടക്കേ് വന്നതോടെ തീരുമാനമായെന്നും പത്രക്കുറിപ്പ് ഉടൻ ഇറങ്ങുമെന്നും വാർത്ത പ്രചരിച്ചു. ഇതോടെ ജയറാം രമേശ് പുറത്തുവന്ന്
ചർച്ചകൾ പൂർത്തിയായെന്നും വ്യാഴാഴ്‌ച പ്രഖ്യാപിക്കുമെന്നും അറിയിക്കുകയായിരുന്നു.
ചർച്ചയ്ക്കിടെ കേരളത്തിലുള്ള ഏറ്റവും മുതിർന്ന നേതാവായ എ.കെ. ആന്റണിയുമായും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശുമായും മുതിർന്ന എം.പി കൊടിക്കുന്നിൽ സുരേഷുമായും ആശയവിനിമയം നടത്തിയെന്ന സൂചനകൾ പുറത്തുവന്നിരുന്നു. സോണിയാഗാന്ധിയുടെ അഭിപ്രായവും തേടിയതോടെ ഒരു പേരിലേക്ക് രാഹുൽ എത്തി.മറ്റു രണ്ടുപേരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയതെന്നാണ് സൂചന.
ചർച്ച നടക്കുമ്പോൾ സംഘടനാ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ, ഡൽഹിയിലെ വീട്ടിൽ തുടരുകയായിരുന്നു.
ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെങ്കിലും മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികൾ വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതും ജനവികാരം അദ്ദേഹത്തിന് അനുകൂലമായതും ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
പിൻമാറാൻ കെ.സി. വേണുഗോപാലിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സൂചന. രാഹുലിന്റെ പ്രതിഛായയെ പോലും ബാധിക്കുന്ന തരത്തിലേക്ക് വിഷയം മാറുകയും ചെയ്തു.
കാത്തിരുന്നവർ
ഇളിഭ്യരായി
1 ഇന്നലെ എന്തായാലും പ്രഖ്യാപനം ഉണ്ടാവുമെന്ന വിശ്വാസത്തിലായിരുന്നു കേരളത്തിലെ നേതാക്കൾ. കെ.പി.സി.സി പ്രസിഡന്റ് ഇന്ദിരാഭവനിൽ എത്തുകയും അക്കാര്യം പറയുകയും ചെയ്തു. ഉച്ചകഴിഞ്ഞതോടെ പ്രവർത്തകരും ഇന്ദിരാഭവനിൽ എത്തിത്തുടങ്ങി
2 ആലുവ ദേശത്തുള്ള വി.ഡി. സതീശന്റെ വസതിയിലേക്ക് രാവിലെ മുതൽ അനുയായികൾ എത്തി. പിന്നാലെ ഡി.സി.സി പ്രസിഡന്റുകൂടിയായ മുഹമ്മദ് ഷിയാസ് അടക്കം നാല് നിയുക്ത എം.എൽ.എമാരും എത്തി.വൈകുന്നേരത്തോടെ വലിയൊരു ജനാവലിയായി അതുമാറി
3 എ.കെ. ആന്റണി സതീശന് അനുകൂലമായ നിലപാട് എടുത്തുവെന്ന അഭ്യൂഹം ശക്തമായി. പിന്നാലെ, ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് ആൻറണി മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കേരളത്തിലെ പൊതുസ്ഥിതിയാണ് ബോദ്ധ്യപ്പെടുത്തിയത്
4 കോൺഗ്രസിന്റെ കാര്യത്തിൽ ലീഗ് ഇടപെടരുതെന്ന നിലപാടുമായി എൻ.എസ്.എസ്. ജന.സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തുവന്നു. ഇത് സതീശന് അനുകൂലമായ നിലപാടിലേക്ക് ഹൈക്കമാൻഡ് മാറിയെന്ന ധാരണ സൃഷ്ടിച്ചു
5 രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ഹരിപ്പാട് നിന്നുള്ള പ്രവർത്തകരും പ്രാദേശിക നേതാക്കളും എത്തി. ഹൈക്കമാൻഡ് പറയുന്നതിനപ്പുറം ഇല്ല എന്ന നിലപാടാണ് അനുയായികളും പങ്കുവച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |