മുംബയ്: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികത്തിൽ ബാൽ താക്കറെയെ പുകഴ്ത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. താക്കറെയുടെ പഴയ പ്രസംഗ വീഡിയോയോടൊപ്പം ബാൽ താക്കറെ തങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാണെന്നായിരുന്നു ഫഡ്നാവിസിന്റെ ട്വീറ്റ്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം തങ്ങളെ പഠിപ്പിച്ചുവെന്നും പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് താക്കറെയെന്നും ഫഡ്നാവിസ് കുറിച്ചിട്ടുണ്ട്.
മുംബയ് ശിവാജി പാർക്കിൽ നടന്ന ബാൽ താക്കറെ അനുസ്മരണത്തിലും ഫഡ്നാവിസ് പങ്കെടുത്തു. ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും വേദി വിട്ടതിനു പിന്നാലെയാണ് ഫഡ്നാവിസ് ചടങ്ങിന് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തർക്കത്തിനൊടുവിൽ ശിവസേന മുന്നണി വിട്ട സാഹചര്യത്തിൽ ഫഡ്‌നാവിസിന്റെ പ്രതികരണത്തിന് പ്രാധാന്യമേറെയാണ്. എൻ.സി.പി നേതാവ് ഛാഗൻ ഭുജ്ബാലും സമാധിസ്ഥലത്തെത്തി ബാൽ താക്കറെയ്ക്ക് പ്രണാമമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |