ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വിവിധ അഴിമതിക്കേസുകളിൽ കുറ്റം ചുമത്തി. മൂന്നു കേസുകളിലായി കൈക്കൂലി വാങ്ങൽ, വിശ്വാസവഞ്ചന, പണംതട്ടിപ്പ് എന്നീ കുറ്റങ്ങളാണ് അറ്റോർണി ജനറൽ ചുമത്തിയത്. അധികാരത്തിലിരിക്കെ പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്തുന്നത് ഇസ്രായേലിൽ ആദ്യമാണ്.
അനുകൂലമായ വാർത്ത നൽകുന്നതിനു വേണ്ടി രണ്ട് മാദ്ധ്യമ ഗ്രൂപ്പിന് അനധികൃതമായി ചട്ടങ്ങളിൽ ഇളവുനൽകി, നികുതി വെട്ടിപ്പ് കേസിൽ ആരോപണ വിധേയനായ ഹോളിവുഡ് നിർമാതാവിൽ നിന്നുൾപ്പെടെ നെതന്യാഹുവും ഭാര്യ സാറയും വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റി തുടങ്ങിയ കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയത്. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയാണ് നെതന്യാഹു. ഈ വർഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരം നിലനിറുത്താൻ അദ്ദേഹത്തിന്റെ ലിക്യുഡ് പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നിട്ടും മറ്റുള്ള കക്ഷികളെ കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാൻ ശ്രമിക്കുകയാണ് നെതന്യാഹു.
അതേസമയം, ഇടതുപക്ഷവും മാദ്ധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് നെതന്യാഹു ആരോപിച്ചു. രാജിവയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഴിമതിയുടെ സാഹചര്യത്തിൽ നെതന്യാഹു സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |