ന്യൂഡൽഹി: തന്റെ വീടിന് എതിർവശത്തെ ആൾതാമസമില്ലാത്ത എൽ. 18 കെട്ടിടത്തിലെ നാലാം നിലയിലുള്ള 108-ാം നമ്പർ ഫ്ളാറ്റ് കാണുമ്പോൾ സുഹൈൽ അൻവറിന് ഇപ്പോഴും ഞെട്ടലാണ്.
11 വർഷം മുമ്പ് ദക്ഷിണ ഡൽഹിയിലെ ജാമിയാ നഗർ ബട്ട്‌ലാഹൗസിലെ ഈ ഫ്ളാറ്റിൽ ഒളിച്ചിരുന്ന ഭീകരരും ഡൽഹി പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ നടുക്കം അൻവറിന്റെയും സമീപവാസികളുടെയും മനസിൽ നിന്ന് മാഞ്ഞിട്ടില്ല.
അന്നു നടന്നത്:
2008 സെപ്‌തംബർ 13ന് ലെ ഡൽഹി സ്‌ഫോടന പരമ്പകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെന്ന് ആരോപിക്കപ്പെട്ട ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെ 2008 സെപ്‌തംബർ 19നാണ് ഡൽഹി പൊലീസ് എൻകൗണ്ടർ വിദഗ്ദ്ധൻ മോഹൻ ചന്ദ് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ശർമ്മ മരിച്ചു. ആരിഫ് അമീൻ, മുഹമ്മദ് സാജിദ് എന്നീ ഭീകരർ കൊല്ലപ്പെട്ടു. മുഹമ്മദ് സയ്ഫ്, സീശാൻ എന്നിവർ അറസ്‌റ്റിലായി. ആരിസ് ഖാൻ എന്നയാൾ രക്ഷപ്പെട്ടു. സ്‌ഫോടനങ്ങളുടെ സൂത്രധാരൻ യാസിൻ ഭട്ക്കൽ ഏറ്റുമുട്ടലിന് തൊട്ടുമുൻപ് മുങ്ങിയെങ്കിലും പിന്നീട് നേപ്പാൾ അതിർത്തിയിൽവച്ച് പിടിയിലായി.ബട്ട്‌ലാഹൗസ് ഭാഗത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്
ഫ്ളാറ്റിൽ ചിലർ ഒളിച്ചു താമസിക്കുന്ന വിവരം ലഭിച്ചത്.
പ്രതികളിലൊരാളായ ആരിഫ് അമീൻ ഒരു ഹവാലാ ഇടപാടുകാരനുമായി നടത്തിയ ഫോൺ സംഭാഷണം സംശയമുണർത്തി. ഡൽഹിയിൽ വീണ്ടും സ്‌ഫോടനത്തിന് പദ്ധതിയിടുന്ന വിവരങ്ങളും ലഭിച്ചു. സെപ്‌തംബർ 19ന് രാവിലെ 10.30ന് പൊലീസ് ഫ്ളാറ്റ് വളഞ്ഞപ്പോൾ ഭീകരർ പൊലീസിനു നേരെ വെടിയുതിർത്തു. തിരിച്ചടിച്ച പൊലീസ് ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഫ്ളാറ്റിൽ ഒളിച്ചിരുന്നവരെ കീഴ്‌പ്പെടുത്തിയത്.
ഡൽഹി പൊലീസിന് ഏറെ പ്രശംസം നേടിക്കൊടുത്ത നടപടിയിലെ ദുരൂഹതകളെ ചൊല്ലി രാഷ്‌ട്രീയ കക്ഷികളും മനുഷ്യാവകാശ സംഘടനകളും എത്തിയതോടെ ബട്ട്‌ലാഹൗസ് ഏറ്റുമുട്ടൽ വിവാദത്തിലായി. ദേശീയ മനുഷ്യാവകാശ കമ്മിഷനും മറ്റും കേസെടുത്ത് അന്വേഷിച്ചെങ്കിലും എല്ലാവരും ഡൽഹി പൊലീസിന് ക്ളീൻ ചിറ്റാണ് നൽകിയത്. രക്തസാക്ഷിത്വം വഹിച്ച ശർമ്മയ്‌ക്ക് മരണാനന്തര ബഹുമതിയായി അശോക ചക്രം നൽകി ആദരിച്ചു.
ഏറ്റുമുട്ടലിന് ശേഷം പൊലീസ് ബട്ട്‌ലാഹൗസ് പരിസരമാകെ അരിച്ചു പെറുക്കി. കണ്ണിൽ കണ്ടവരെയെല്ലാം ചോദ്യം ചെയ്‌തു. ഏറ്റുമുട്ടലിന് സാക്ഷിയായ സുഹൈൽ അൻവറിനെപ്പോലുള്ളവരാണ് ഏറെ അനുഭവിച്ചത്. ദിവസങ്ങളോളം അവരുടെ വീടുകളിൽ പൊലീസ് കയറിയിറങ്ങി. തൊട്ടു മുൻപിലെ ഫ്ളാറ്റിൽ താമസിച്ചവർ ഭീകരരാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് സീൽ ചെയ്‌ത ഫ്ളാറ്റ് ഒരുവർഷം കഴിഞ്ഞ് തുറന്നെങ്കിലും പിന്നീടാരും അവിടെ താമസിച്ചിട്ടില്ലെന്ന് അൻവർ പറയുന്നു. ഫ്ളാറ്റുടമ ഡൽഹി അതിർത്തിയിലേക്ക് താമസം മാറ്റി. വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകൾ ഫ്ളാറ്റിന്റെ ഭിത്തിയിൽ കാണാം. അതിനാൽ അങ്ങോട്ടു നോക്കാൻ പോലും ഇവർക്ക് പേടിയാണ്. ബട്ട്‌ലാഹൗസ് എന്ന പേരിൽ ജോൺ എബ്രഹാം നായകനായ ബോളിവുഡ് സിനിമയിൽ പറയുന്നത് സത്യമല്ലെന്നും പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |