ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്രമുഖ' വോട്ടുകൾക്കിടയിൽ ശ്രദ്ധ നേടി രണ്ട് കന്നിവോട്ടർമാർ.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാളിന്റെ മകൻ പുൽകിത്, കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ മകൻ റെയ്‌ഹാൻ രാജീവ് വാദ്ര എന്നിവരാണ് കന്നിവോട്ട് രേഖപ്പെടുത്തിയത്.
മാതാപിതാക്കൾ, ഭാര്യ സുനിത, മകൻ പുൽകിത് എന്നിവർക്കൊപ്പം കുടുംബസമേതമെത്തിയാണ് കേജ്‌രിവാൾ രജ്പുരയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയത്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി. സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെയ്‌ഹാൻ രാജീവ് വാദ്ര എന്നിവർ നിർമ്മാൺ ഭവനിലാണ് വോട്ട് ചെയ്തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ സിംഗ്, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ബി.ജെ.പി. ദേശീയ സെക്രട്ടറി രാം ലാൽ എന്നിവരും ഇവിടെ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് മുൻ അദ്ധ്യക്ഷനും എം.പിയുമായ രാഹുൽ ഗാന്ധി ന്യൂഡൽഹി മണ്ഡലം ഔറംഗസേബ് റോഡ് 81-ാം പോളിംഗ് ബൂത്തിലാണ് വോട്ട് ചെയ്തത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭാര്യാസമേതനായി രാജേന്ദ്രപ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെത്തി വോട്ട് ചെയ്തു. പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഗൗതം ഗംഭീർ കിഴക്കൻ ഡൽഹിയിലെ പോളിംഗ് ബൂത്തിലും ബോളിവുഡ് താരം തപ്‌സി പന്നു ഡൽഹിയിലും കുടുംബസമേതമെത്തി വോട്ട് ചെയ്തു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാര്യ സീമാസിസോഗിയയ്ക്ക് ഒപ്പമെത്തി പാണ്ടവ് നഗറിൽ വോട്ട് ചെയ്തു.
മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ. അദ്വാനി മകൾ പ്രതിഭാ അദ്വാനിക്കൊപ്പം ഔറംഗസേബ് റോഡിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |