കോട്ടയം: 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറസ്റ്റിൽ. കൊട്ടാരക്കര കരിക്കം അജിത് ഭവനിൽ അജിത്ത് കെ.തങ്കച്ചനെയാണ് തെങ്ങണയിൽ നിന്ന് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
വാട്ടർ അതോറിറ്റിയുടെ കരാറുകാരനെ ഭീഷണിപ്പെടുത്തി, പല തവണയായി 45,000 രൂപ അജിത്ത് വാങ്ങിയതായി പറയുന്നു.
തൃക്കൊടിത്താനം പമ്പ് ഹൗസ് മുതൽ പായിപ്പാട് കൊച്ചുപള്ളി ഒ.എച്ച് ടാങ്ക് വരെയുള്ള പ്രദേശത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കരാർ എടുത്തയാളിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. കരാറുകാരന് ലഭിക്കാനുള്ള 65 ലക്ഷത്തോളം രൂപയുടെ ബിൽ ആറുമാസത്തോളം പാസാക്കാതെ പിടിച്ചു വച്ച അജിത്ത് , കൊൽക്കത്തയ്ക്കുള്ള ഔദ്യോഗിക യാത്രയുടെ ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ആദ്യം 15,000 രൂപയും പിന്നീട് 10,000 രൂപയും ഈടാക്കി. ഭാര്യയുമൊത്താണ് ഇയാൾ പോയത്. തിരികെ എത്തിയപ്പോൾ ഭക്ഷണത്തിന് കൂടുതൽ തുക ചെലവായെന്നും അതുകൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ശല്യം സഹിക്കാനാവാതെ വന്നപ്പോഴാണ് കരാറുകാരൻ വിജിലൻസിന് പരാതി നൽകിയത്. തുടർന്ന്, ഡിവൈ.എസ്.പി. വിശ്വനാഥന്റെ നേതൃത്വത്തിൽ ഫിനോഫ്‌തലിൻ പൗഡറിട്ട നോട്ടുകൾ കരാറുകാരന് നൽകുകയും ഇന്നലെ വൈകിട്ട് ഈ തുക എൻജിനീയർക്ക് കൈമാറുമ്പോൾ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |