കൊൽക്കത്ത: വിശ്വ ഭാരതി സർവ്വകലാശാലയിലെ ബംഗ്ളാദേശ് വിദ്യാർത്ഥിയോട് രാജ്യം വിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് രാജ്യം വിടാൻ നിർദേശിച്ചത്. കേന്ദ്ര സർവ്വകലാശാലയിൽ യു.ജി വിദ്യാർത്ഥിനിയായ അഫ്സര അനിക മീമിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള കൊൽക്കത്തയിലെ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ നിന്ന് രാജ്യം വിടാനുള്ള നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 14 ആണ് നോട്ടീസ് ആയച്ച തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ തനിക്ക് നോട്ടീസ് കിട്ടിയത് കഴിഞ്ഞ ബുധനാഴ്ചയാണെന്ന് അഫ്സര പറഞ്ഞു.
കൊൽക്കത്ത റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ അഫ്സര വ്യാഴാഴ്ച പോയിരുന്നു. അഫ്സരയുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ സംഭവത്തിന്റെ നടുക്കം ഇപ്പോഴും അഫ്സരയെ വിട്ടുമാറിയിട്ടില്ലെന്നും സംസാരിക്കാൻ പോലും ഭയമാണെന്നുമാണ് അവർ പറഞ്ഞത്. ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാന്തിനികേതനിൽ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് അഫ്സര ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു, അതിന്റെ പേരിൽ അഫ്സര സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെട്ടിരുന്നു. അതിൽ ഒരു പോസ്റ്റിൽ അഫ്സരയെ ബംഗ്ളാദേശി തീവ്രവാദിയെന്ന് പരാമർശിച്ചിരുന്നു. റീജിയണൽ രജിസ്‌റ്റ്രേഷൻ ഓഫീസിൽ നിന്ന് രാജ്യം വിടാനാവശ്യപ്പെട്ട് ലഭിച്ച നോട്ടീസിൽ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഇന്ത്യ വിട്ട് പോകണമെന്നാണ് നിബന്ധന. സർക്കാർ വിരുദ്ധ പ്രവർത്തനത്തിലൂടെ വിസ നിയമ ലംഘനവും അഫ്സരയുടെ മേൽ ചുമത്തിയിട്ടുള്ളതായി നോട്ടീസിൽ പറയുന്നു.
വിസ നിയമ വ്യവസ്ഥയിൽ രാഷ്ട്രീയ താത്പര്യം പുലർത്തുന്നത് തെറ്റല്ലെന്നും മറ്ര് രാജ്യങ്ങളിളെ വിദ്യാർത്ഥികൾ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ഇടപെടുന്നതാണ് തെറ്റെന്നും പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം നേതാവ് മൊഹമ്മദ് സലിം രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് രാജിനെതിരെ ലണ്ടനിലെ ലണ്ടൻ മജ്ലിസിൽ ജ്യോതി ബസുവും, ഭൂപേഷ് ഗുപ്തയുമടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭവും, കൂടാതെ മുജിബുർ റഹ്മാൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ നാടിന്റെ സ്വാതന്ത്ര്യത്തിനായി കൊൽക്കത്തയിൽ സമരം ചെയ്തതും അദ്ദേഹം ഓർമ്മപ്പെടുത്തി.അതോടൊപ്പം ബംഗ്ലാദേശുമായുള്ള ബന്ധത്തിൽ പോറലേൽപ്പിക്കുകയാണ് ഇപ്പോഴത്തെ ഗവൺമെന്റ്.
ഡിസംബറിൽ സി.എ.എക്കെതിരെ പ്രതിഷേധിച്ചതിന് മദ്രാസ് ഐ.ഐ.റ്റിയിലെ ജർമ്മൻ വിദ്യാർത്ഥിയോടും രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മുസ്ളീം ഒഴികെയുള്ള മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം(സി.എ.എ). രാജ്യവ്യാപകമായി സി.എ.എയ്ക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |