കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ എൺപതുകാരിയെ മർദ്ദിച്ച് മാല കവർന്നത് നാടുവിടാൻ വേണ്ടിയായിരുന്നെന്ന് ആന പാപ്പാൻമാരുടെ മൊഴി. അടിപിടി കേസിൽ, നാട്ടുകാർ ഒന്നടങ്കം രംഗത്ത് എത്തിയതോടെ നാടുവിടേണ്ട അവസ്ഥയായി. എന്നാൽ, ഒരു രൂപാ പോലും കൈയിലുണ്ടായിരുന്നില്ല. ഇതോടെ പരിചയമുള്ള വീട്ടിൽ കയറി മാല പൊട്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാം പാപ്പാൻമാരായ കാട്ടയം വെള്ളൂർ സ്വദേശി ജോബിൻ ജോസ്, തലയോലപ്പറമ്പ് സ്വദേശി പ്രശാന്ത് എന്നിവരെ ഇന്നലെയാണ് മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കട്ടിമുട്ടത്തുള്ള ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയാണ് ആക്രമണത്തിന് ഇരയായത്. തുടർന്ന് തമിഴ്നാട്ടിലേക്കും അവിടന്ന് കൊല്ലത്തേക്കും കടന്ന് പ്രതികൾ ആനപാപ്പന്മാരായി ജോലി നോക്കുന്നതിനിടെ പരവൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് മാല വിൽക്കാനുള്ള സഹായം ചെയ്ത വൈക്കം ഉദയനാപുരം സ്വദേശി രതീഷും പൊലീസ് പിടിയിലായിട്ടുണ്ട്.
ലുക്ക് ഔട്ട് നോട്ടീസിൽ പാപ്പാന്മാർ വീണു
മാല വിറ്റ് കിട്ടിയ തുക കൊണ്ട് തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും പണം തീർന്നതോടെ, അവിടെ നിൽക്കാൻ കഴിയാതെയായി. ഇതിനിടെയാണ് പരവൂരിലുള്ള ആനയുടെ പാപ്പാനായി പ്രശാന്തിന് ജോലി കിട്ടുന്നത്. ജോബിനെയും ഒപ്പം കൂട്ടി. പ്രശാന്ത് നേരത്തെ ആനപാപ്പാനായി ജോലി നോക്കിയിരുന്നു. ഈ ബന്ധം ഉപയോഗിച്ചായിരുന്നു ജോലി തരപ്പെടുത്തിയത്. അങ്ങനെ, ആനപാപ്പാനായി വിലസുന്നതിടെയാണ് പൊലീസിന്റെ പിടിയിലായത്. വയോധികയുടെ മാലപൊട്ടിച്ച് കടന്ന കേസിൽ ഇരുവർക്കും എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഈ നോട്ടീസ് കണ്ട പരവൂർ സ്വദേശിയാണ് വിവരം പൊലീസിനെ ആദ്യം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി പാപ്പാന്മാരെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യലിൽ മോഷണ വിവരം വെളിപ്പെടുത്തുകയുമായിരുന്നു.
കിട്ടിയത് പാതിമാല
ജോബിയും പ്രശാന്തും ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. പുറത്ത് ഇറങ്ങിയപ്പോഴും സൗഹൃദം തുടർന്നു. തലയോലപ്പറമ്പിൽ വച്ച് ഇവർ വീണ്ടും കണ്ടുമുട്ടി. അന്ന് ഇരുവരും പ്രദേശവാസിയുമായി അടിപിടിയുണ്ടാക്കി. ഇതോടെ, നാട്ടുകാർ ഇവർക്കെതിരെ തിരിഞ്ഞു. രക്ഷപ്പെടാൻ പല മാർഗങ്ങൾ തേടിയെങ്കിലും കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് ഇരുവരും മാലപൊട്ടിക്കാൻ തീരുമാനിച്ചു. കട്ടിമുട്ടത്ത് ഒറ്റയ്ക്ക് തമാസിക്കുന്ന വയോധികയെ പ്രശാന്തിന് പരിചയമുണ്ടായിരുന്നു. തുടർന്ന് വയോധികയുടെ വീട്ടിൽ എത്തി പ്രശാന്ത് സുഖവിവരങ്ങൾ തിരക്കി. പ്രശാന്തിനെ പരിചയം ഉണ്ടായിരുന്നതിനാൽ വയോധികയ്ക്കും തീരെ സംശയം തോന്നിയില്ല. ഇതിനിടെ പ്രശാന്ത് വയോധികയെ മുഖത്ത് മർദ്ദിച്ച് വീഴ്ത്തുകയും മാല പൊട്ടിച്ച് കടന്ന് കളയുകയുമായിരുന്നു. എന്നാൽ, 5പവന്റെ മാലയുടെ ഒരു ഭാഗം മാത്രമാണ് ഇവർക്ക് ലഭിച്ചത്. തുടർന്ന് രതീഷിന്റെ സഹായത്തോടെ മാല വിൽക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു കേസും
''നിരവധി കേസുകളിലെ പ്രതികളാണ് പ്രശാന്തും ജോബിയും. ചോദ്യം ചെയ്യലിൽ ഇരുവരും ഉൾപ്പെട്ട തൊടുപുഴയിലെ ബൈക്ക് മോഷണം സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് തൊടുപുഴ പൊലീസിന് കൈമാറും. പ്രതികൾ റിമാൻഡിലാണ്. കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം ആലോചിക്കും.
എസ്.ഐ , മുളന്തുരുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |