മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയും തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധവും കൊറോണ രോഗബാധയ്‌ക്കെതിരെയുള്ള പ്രതിരോധം വൈകാൻ കാരണമായെന്ന് അമേരിക്കൻ മാദ്ധ്യമം. അമേരിക്കൻ മാസികയായ 'അറ്റ്ലാന്റിക്കി'ന്റെ ഓൺലൈൻ പതിപ്പിൽ വന്ന ലേഖനത്തിലാണ് ഈ പരാമർശമുള്ളത്.
നിയമം പാസാക്കിയതും തുടർന്നുണ്ടായ നിയമത്തിനെതിരായ പ്രതിഷേധവും കൊറോണ രോഗത്തിനെതിരെയുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള സർക്കാരിന്റെ സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നും ലോകാരോഗ്യ സംഘടന രോഗത്തെ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണെന്നും ലേഖനമെഴുതിയ വിദ്യാ കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 27ന് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച ഈ മുന്നറിയിപ്പിനെ ഇന്ത്യ കാര്യമായി കണ്ടില്ലെന്നും ചികിത്സാ സാമഗ്രഹികളും രോഗപ്രതിരോധ ഉപകരണങ്ങളും ഇന്ത്യ വേണ്ടവിധം സ്വരൂപിക്കാൻ തയ്യാറായില്ലെന്നും 'കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഹൃദയശൂന്യമായ പ്രതികരണം' എന്ന തന്റെ ലേഖനത്തിൽ വിദ്യാ കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് രോഗപ്രതിരോധത്തിന്റെ ഭാരം മോദി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തിൽ മോദി ജനങ്ങൾക്ക് മുൻകൂട്ടി യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും ലേഖിക കുറ്റപ്പെടുത്തുന്നു.
ബ്രിട്ടൻ, സ്‌പെയിൻ, ജർമനി പോലുള്ള രാജ്യങ്ങൾ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തോളം മാറ്റിവയ്ക്കുമ്പോൾ ഇന്ത്യ അതിനായി ചിലവഴിക്കാൻ തീരുമാനിച്ച തുക രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനം പോലും വരുന്നില്ലെന്നും ലേഖനത്തിൽ പരാമർശമുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടിലായ ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം വീടുകളിൽ എത്താനായി കുടുംബത്തോടൊപ്പവും അല്ലാതെയും കിലോമീറ്ററുകൾ നടക്കുന്ന കാര്യവും വിദ്യാ കൃഷ്ണൻ പരാമർശിക്കുന്നു.
ഇന്ത്യയിൽ ഇപ്പോഴും ആവശ്യത്തിന് കൊറോണ ടെസ്റ്റുകൾ നടക്കുന്നില്ല. ലോക്ക്ഡൗൺ കൊണ്ട് മാത്രം കാര്യമില്ല. അത് രോഗമെത്തുന്നത് വൈകിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ലോക്ക്ഡൗൺ അവസാനിച്ച് കഴിയുമ്പോൾ രോഗം വീണ്ടും രൂക്ഷമാകാനാണ് സാദ്ധ്യത.
ലേഖിക പറയുന്നു. ടിവിയിലൂടെ മോദി ജനങ്ങളെ അഭിസംബോധന ചെയ്തതിനെയും ലേഖിക വിമർശിക്കുന്നു.
രോഗപ്രതിരോധത്തെ മഹായുദ്ധമായി അല്ല അദ്ദേഹം കാണേണ്ടിയിരുന്നതെന്നും സർക്കാർ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങളെ അറിയിക്കാതെ അവർ അവരുടെ കടമ ചെയ്യണമെന്നല്ല പ്രധാനമന്ത്രി പറയേണ്ടിയിരുന്നത്. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കളെ പോലെ നിരന്തരം പത്രസമ്മേളനങ്ങൾ നടത്താൻ അദ്ദേഹം വിസ്സമ്മതിക്കുകയാണ്. വിദ്യാ കൃഷ്ണൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |