പേരാമ്പ്ര: കുറ്റ്യാടിപ്പുഴയോരത്തെ മണ്ണിടിച്ചിൽ പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തുന്നു. മഴ കനത്താൽ ആശങ്ക ഇരട്ടിക്കും. പ്രളയത്തിൽ പുഴ കരകവിഞ്ഞപ്പോൾ തീരത്തെ ഫലവൃക്ഷങ്ങൾ കടപുഴകിയിരുന്നു. കൂടാതെ ഇടിഞ്ഞിരുന്ന തീരത്തെ ഭാഗങ്ങളും പുഴയെടുത്തു. മഴക്കാലത്ത് പുഴയുടെ തീരത്ത് ഇടിയാറുണ്ടെങ്കിലും തുടർച്ചയുണ്ടായ പ്രളയങ്ങളാണ് തീരദേശവാസികളെ ഭീതിയിലാഴ്‌ത്തുന്നത്.
പുഴ കരവിഞ്ഞൊഴികിയപ്പോൾ ചെറുവണ്ണൂർ, പേരാമ്പ്ര, ചങ്ങരോത്ത് കുറ്റ്യാടി, തിരുവള്ളൂർ, വേളം, തുറയൂർ, മണിയൂർ പഞ്ചായത്തിലുള്ളവർക്കാണ് കനത്ത നഷ്ടമുണ്ടായത്. മിക്കയിടങ്ങളിലും കുറഞ്ഞ സ്ഥലത്ത് മാത്രമേ സംരക്ഷണ ഭിത്തിയുള്ളൂ. സംരക്ഷണ ഭിത്തി കെട്ടി പുഴയുടെ തീരം സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ മാറി വന്ന സർക്കാരുകൾ ഇതിനെതിരെ മുഖം തിരിച്ചെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി നിവേദനങ്ങളും പരാതികളും നൽകിയിട്ടും ജനപ്രതിനിധികൾ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
പുഴയോരമിടിയുമ്പോൾ തെങ്ങുൾപ്പെടെയുള്ള കാർഷിക വിളകളും നശിക്കുകയാണ്. ഇങ്ങനെ അര ഏക്കർ വരെ നഷ്ടപ്പെട്ട കർഷകരുണ്ട്. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ വരുന്ന മഴക്കാലത്തിന്റെ ഭീതിയിലാണ്. കുറ്റ്യാടിപ്പുഴയുടെ തീരത്ത് സംരക്ഷഭിത്തി നിർമ്മിച്ച് പ്രദേശവാസികളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ സർക്കാർ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ബഹുജന സംഘടനകളുടെ ആവശ്യം. ഒപ്പം പുഴയോരത്ത് അപകടാവസ്ഥയിലുള്ളവരെ സുരക്ഷിതസ്ഥാനത്ത് മാറ്റണമെന്ന് നാട്ടുകാരും ആവശ്യമുയർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |