കൊച്ചി: മാർച്ചിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം, 100ൽ താഴെ പേർ ജോലി ചെയ്യുന്നതും ശരാശരി ശമ്പളം 15,000 രൂപയുമായ സ്ഥാപനങ്ങളിലെ ജോലിക്കാരനും തൊഴിലുടമയും അടയ്ക്കുന്ന 12 ശതമാനം വീതം ഇ.പി.എഫ് വിഹിതം ജൂൺ, ജൂലായ്, ആഗസ്‌റ്ര് മാസങ്ങളിലേത് കൂടി കേന്ദ്രസർക്കാർ അടയ്ക്കുമെന്ന് 'ആത്മനിർഭർ പാക്കേജി"ന്റെ ഭാഗമായി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. മാർച്ച്-മേയ് മാസങ്ങളിലെയും സർക്കാർ അടയ്ക്കും.
ഈ ആനുകൂല്യത്തിന് പുറത്തുള്ള കമ്പനികളുടെയും തൊഴിലാളികളുടെയും വിഹിതമാണ് മൂന്നുമാസത്തേക്ക് 12ൽ നിന്ന് 10 ശതമാനമാക്കിയത്. ഇതുവഴി 4.3 കോടി തൊഴിലാളികളുടെയും 6.5 ലക്ഷം സ്ഥാപനങ്ങളുടെയും കൈവശം 6,750 കോടി രൂപ അധികമായി എത്തും. തൊഴിലാളികൾക്ക് ശമ്പളത്തിൽ ഇ.പി.എഫ് വിഹിതത്തിന്റെ വർദ്ധനയുണ്ടാകുമെന്ന് സാരം.
നികുതിഭാരം കൂടും
ഇ.പി.എഫ് വിഹിതം ഒഴിവാകുന്നത് വഴി കൈവശം കൂടുതൽ പണമെത്തുമെങ്കിലും ഇത് നികുതിഭാരം വർദ്ധിക്കാൻ ഇടയാക്കും. ഉദാഹരണം നോക്കാം:
ഒരാളുടെ മേയ്, ജൂൺ, ജൂലായ് ശമ്പളം : ₹1,50,000
ഇ.പി.എഫ് വിഹിതം 12% കണക്കാക്കിയാൽ : ₹18,000
10% കണക്കാക്കിയാൽ : ₹15,000
നേട്ടം : ₹3,000
സെക്‌ഷൻ 80 സി
ആദായ നികുതിയിൽ സെക്‌ഷൻ 80 സി പ്രകാരം ഇളവുകൾ നേടാൻ ഒട്ടേറെ വഴികളുണ്ട്. ഇത്തരത്തിൽ ഇളവുകൾ നേടുന്ന ഒരാളുടെ പക്കലേക്ക് 3,000 രൂപ അധികമായി എത്തുമ്പോൾ, ചിലപ്പോൾ ഇളവ് കിട്ടാതാകും. ഫലത്തിൽ ഏത് നികുതി സ്ളാബിലാണോ അദ്ദേഹം ഉൾപ്പെടുന്നത്, ആ നികുതി അദ്ദേഹം അടയ്ക്കേണ്ടി വരും.
അല്ലെങ്കിൽ 3,000 രൂപയുടെ ഇളവ് കൂടി കിട്ടത്തക്കവിധമുള്ള മറ്റൊരു നിക്ഷേപ പദ്ധതി അദ്ദേഹം മൂന്നുമാസത്തിനിടെ കണ്ടെത്തേണ്ടി വരും.
ഇത്തരത്തിൽ ലഭിക്കുന്ന അധികപണം പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), വോളന്ററി പ്രൊവിഡന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപിച്ചാൽ സെക്‌ഷൻ 80 സി പ്രകാരം ഇളവ് കിട്ടും.
ടി.ഡി.എസ് ഇളവിലും
സമാന പ്രതിസന്ധി
ടി.ഡി.എസ്/ടി.സി.എസ് എന്നിവ കുറച്ചത് പണലഭ്യത കൂട്ടുമെങ്കിലും നികുതി നിയമം പാലിക്കുന്നവർക്ക് യാതൊരു പ്രയോജനവും ഇതുകൊണ്ട് ലഭിക്കുന്നില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പലിശ, കമ്മിഷൻ, ലാഭവിഹിതം, പ്രൊഫഷണൽ ഫീസ്, വാടക, മ്യൂച്വൽഫണ്ട് റിട്ടേൺ തുടങ്ങി ശമ്പളേതര വരുമാനത്തിനാണ് സ്രോതസിൽ നിന്ന് നികുതി (ടി.ഡി.എസ്) പിടിക്കുന്നത്.
വാർഷിക ശമ്പളേതര വരുമാനം 15,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 10 ശതമാനമാണ് ടി.ഡി.എസ്. ഇത് ബാങ്കുകളും മ്യൂച്വൽഫണ്ട് കമ്പനികളും നേരിട്ട് പിടിച്ച് സർക്കാരിലേക്ക് അടയ്ക്കും. ഇത്, ഇന്നലെ മുതൽ 7.5 ശതമാനമായി കുറഞ്ഞെങ്കിലും പിന്നീട് ആദായ നികുതി അടയ്ക്കുമ്പോൾ മൊത്തം വരുമാനത്തിനും നികുതി നൽകേണ്ടി വരുമെന്ന് ഇൻസ്‌റ്ര്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണത്തിന്:
സ്ഥിരനിക്ഷേപത്തിന് പലിശയായി ₹50,000 കിട്ടിയെന്നിരിക്കട്ടെ. 10% ടി.ഡി.എസ് പിടിച്ചിരുന്നപ്പോൾ ബാക്കിത്തുക 45,000 രൂപ. ഇപ്പോൾ ടി.ഡി.എസ് 7.5 ശതമാനം. ബാക്കിത്തുക : ₹46,250
ആദായ നികുതി അടയ്ക്കുമ്പോൾ (ഉദാഹരണത്തിന് 30% ആദായ നികുതി) നേരത്തേ 10% ടി.ഡി.എസ് കിഴിച്ച്, ബാക്കി മൊത്ത വരുമാനത്തിന് 20% നികുതി അടച്ചാൽ മതിയായിരുന്നു.
ഇപ്പോൾ, ആദായ നികുതി ബാദ്ധ്യതയിൽ ടി.ഡി.എസിൽ നിന്ന് കുറഞ്ഞ 2.5 ശതമാനം കൂടിച്ചേർത്ത് അടയ്ക്കണം.
അതായത്, മൊത്ത വരുമാനത്തിന്റെ 22.5 ശതമാനം. ഫലത്തിൽ, ടി.ഡി.എസ് കുറഞ്ഞെങ്കിലും ആദായ നികുതി ബാദ്ധ്യത കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |