കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിഅറേബ്യയിൽ നിന്ന് തിങ്കളാഴ്ച അർദ്ധരാത്രിയോടെ നെടുമ്പാശേരിയിലെത്തിയ കൊല്ലം സ്വദേശിനി ഷാഹിന ഇന്നലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വിമാനത്താവളത്തിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഷാഹിനയെ ആംബുലൻസിൽ എറണാകുളം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു.
ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തിൽ ഡോ. അഞ്ജു വിശ്വനാഥ്, ഡോ. അനിൽകുമാർ എന്നിവരാണ് അടിയന്തര സിസേറിയൻ നടത്തിയത്. നവജാതശിശുവിനും അമ്മയ്ക്കും ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും കൊവിഡ് പരിശോധന നടത്തി. എല്ലാം നെഗറ്റീവാണ്.
ഭർത്താവ് അഹമ്മദ് കബീറിന് സൗദി അറേബ്യയിൽ നിർമ്മാണമേഖലയിലാണ് ജോലി. പ്രസവത്തിന് കേരളത്തിലെത്താൻ കഴിയാതെ വരുമോ എന്ന ആശങ്കയിലായിരുന്നു ഷാഹിന. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യമാണ് നാട്ടിലെത്താൻ വഴിയൊരുക്കിയത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മറുനാട്ടിൽ നിന്ന് ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന. കഴിഞ്ഞദിവസം നേവി കപ്പലിൽ മാലദ്വീപിൽ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |