പാലക്കാട്: ഒറ്റപ്പാലം പനമണ്ണ ചെട്ടിക്കുന്ന് കള്ളു ഷാപ്പിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഏഴുപേർക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ഷാപ്പിൽ നിന്ന് ഏഴുലിറ്റർ കള്ളും സ്പിരിറ്റ് കലർത്തിയ 1000 ലിറ്റർ കള്ളും പിടിച്ചെടുത്തത്. കള്ള് കലർത്തുന്നതിനിടെ പിടിയിലായ രണ്ടുപേർക്ക് പുറമെ വാഹന ഡ്രൈവർ, കള്ളെത്തിക്കുന്ന ഗ്രൂപ്പുകളിലെ ഷാപ്പ് ലൈസൻസികൾ എന്നിവർക്കെതിരെയാണ് കേസ്.
മേഖലയിലെ മുഖ്യ ഷാപ്പ് നടത്തിപ്പുകാരൻ വാണിയംകുളം കുണ്ടുകുളങ്ങര കണ്ണൻ എന്ന സോമസുന്ദരൻ, പനമണ്ണ സൗത്ത് മല്ലിപറമ്പിൽ ശശികുമാർ എന്നിവരാണ് പിടിയിലായത്. ഡ്രൈവർ അടയ്ക്കാപുത്തൂർ സ്വദേശി ഉണ്ണികൃഷ്ണൻ, ഷാപ്പ് ലൈസൻസികളായ തേങ്കുറിശി മങ്ങോട്ട് വീട്ടിൽ പങ്കുണ്ണി, തെങ്കര പ്രക്കാട്ട് മന്നത്ത് വീട്ടിൽ പി.ആർ.ഗംഗാധരൻ, പനമണ്ണ ഐക്യത്തിൽ വീട്ടിൽ രാമകൃഷ്ണൻ, മനിശേരി കുണ്ടുകുളങ്ങര വീട്ടിൽ സുരേഷ് ബാബു എന്നിവരെയാണ് പ്രതി ചേർത്തത്.
പ്രതികളെ ഉടൻ പിടികൂടുമെന്ന് അധികൃതർ അറിയിച്ചു. സ്പിരിറ്റ് പിടികൂടുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ലൈസൻസിയുമായി ബന്ധമുള്ള കുറച്ചുപേർ ഓടിപ്പോയിരുന്നു. ഇവരുടെ ബന്ധവും പരിശോധിച്ച് വരികയാണ്. ഈ വർഷം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ ജില്ലയിൽ പിടിക്കുന്ന രണ്ടാമത്തെ സ്പിരിറ്റ് കേസാണിത്. മാർച്ച് മൂന്നിന് പാലക്കാട് വെച്ച് 2000 ലിറ്റർ സ്പിരിറ്റുമായി വാഹന സഹിതം രണ്ടുപേരെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |