നെയ്യാറ്റിൻകര: പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ചത് കർഷകരുടെ സ്വപ്നങ്ങളെയാണ്. കൃത്യമായ മഞ്ഞും വെയിലും മഴയും കിട്ടാതെ കാർഷിക വിളകളെല്ലാം കർഷകരുടെ കണ്ണുനീരായി മാറി. പ്രകൃതിയുടെ ഈ മാറ്റത്തിൽ വിളവ് കുറയുകയും കൃഷിയെ ബാധിക്കുന്ന കൃമികീടങ്ങൾ വർദ്ധിക്കുകയും ചെയ്തു. കാലാവസ്ഥാവ്യതിയാനവും വിളനാശവും വിലയിടിവുമെല്ലാം സമ്മാനിച്ച കാർഷിക മേഖലയിലെ തകിടം മാറിച്ചിലുകളുടെ ഫലമോ കൃഷിയിടങ്ങൾ വിളകളുടെയും കർഷകരുടെയും ശവപ്പറമ്പായി മാറി.
കാലാവസ്ഥാവ്യതിയാനം കാരണം കൃഷിക്കാവിശ്യമായ വിത്തിനങ്ങൾ കൂടുതൽക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയാതായി. ഇതോടെ കൃഷിക്കുള്ള ചെലവും കൂടി. കാലാവസ്ഥാവ്യതിയാനമാണ് ഇതിനെല്ലാം കാരണമെന്ന് അനുഭവ സമ്പത്തുള്ള കർഷകർ പറയുന്നു.
വിളകളുടെ വിലയിടിവിൽ വാടിക്കരിഞ്ഞ കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചാണ് 2019 ലെ പ്രളയം എത്തിയത്. മഹാപ്രളയത്തിൽ നെയ്യാറ്റിൻകര മേഖലയിലെ കർഷകന്റെ പതനം പൂർണമാക്കി. കൊവിഡ് കാലത്ത് മൂന്ന് മാസം മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കിൽ നിന്നും വട്ടിപ്പലിശയ്ക്കും വായ്പയെടുത്ത് കൃഷിയിറക്കിയ ചെറുകിട കർഷകർ മൂന്ന് മാസം കഴിഞ്ഞാൽ കുടിശിക സഹിതം തിരിച്ചടക്കണം.
ചെങ്കൽ, ഉദിയിൻകുളങ്ങര, മഞ്ചവിളാകം, പെരുമ്പഴുതൂർ, പിരായുമൂട് തുടങ്ങിയ വലിയ ഏലാകളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകർ കൊവിഡ് കാലത്തെ ദാരിദ്ര്യം കൂടെ എത്തിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
17 വർഷം ആയുസുള്ള ഒരു കുരുമുളക് ചെടിക്ക് ഇപ്പോൾ അഞ്ച് വർഷം മാത്രമേ ആയുസുള്ളു. വിളയും കുറഞ്ഞു, വള്ളികൾ കരിഞ്ഞുണങ്ങി നശിക്കും. അതിശക്തമായ വരൾച്ച കുരുമുളക് കർഷകരുടെ നട്ടെല്ലൊടിച്ചു. മുൻപ് താങ്ങുവൃക്ഷത്തിന്റെ തണലിൽ സുരക്ഷിതമായ കുരുമുളക് വള്ളികൾക്ക് ഇപ്പോഴത്തെ കാലാവസ്ഥയിൽ പിടിച്ചുനിൽക്കാൻ കഴിയാതായി.
കാർഷിക മേഖലയിലെ തകർച്ചയെ കൂടുതലും ബാധിച്ചത് താലൂക്കിലെ കർഷകരിൽ തൊണ്ണൂറ് ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെയാണ്. മണ്ണിനടിയിൽ നിന്നും വിളവെടുക്കുന്ന ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ എന്നിവയേയും വേനൽ കാര്യമായി ബാധിച്ചു. ആളൊഴിഞ്ഞ കൃഷിയിടത്തിൽ തള്ളുന്ന മാലിന്യ കൂമ്പാരത്തിൽ പെറ്രുപെരുകുന്ന എലികളും പെരുച്ചാഴികളും വിളയെ കാർന്ന് തിന്നാൻ തുടങ്ങിയും കൃഷിനാശം സംപൂർണമാക്കി. കോവിഡ് കാലത്ത് റേഷൻ കടകളിൽ നിന്നും കിട്ടിയ റേഷൻകടകളിലെ ഫ്രീക്കിറ്റ് ഒഴിച്ചാൽ മറ്റ് സഹായമൊന്നും ഇതേവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കാറ്റിലും മഴയത്തും കൃഷി നശിച്ചപ്പോൾ വാഴ ഒന്നിന് 8 രൂപമാത്രമാണ് ലഭിച്ചത്. അതും കൃഷിഭവനിൽ വിള ഇൻഷ്വർ ചെയ്തവർക്ക് മാത്രം.
1. മുതൽമുടക്ക് വർദ്ധിച്ചതും വിളവ് കുറഞ്ഞതും കർഷകന് തിരിച്ചടിയായി
2. പ്രകൃതിക്ഷോഭങ്ങളിൽ നശിക്കുന്ന വിളകൾക്കും നഷ്ടപരിഹാരം കിട്ടാത്തത് കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു
3. ജില്ലയിലെ വ്യാപാര മേഖലയടക്കം വിപണി ഇല്ലാതായതും കർഷകരെ വെട്ടിലാക്കി.
4. പ്രളയം സമ്മാനിച്ച കെടുതിയിൽ നിന്നും കയറുന്നതിന് മുന്നെ വീണ്ടും പ്രകൃതിക്ഷോഭങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |