കോഴിക്കോട്: പരക്കെയെന്നോണം കൊവിഡ് പിടിമുറുക്കിയതോടെ എല്ലാറ്റിനും ലോക്ക് വീണപ്പോൾ കലാകാരന്മാരുടെയും അന്നം മുട്ടുകയായിരുന്നു. ഉത്സവസീസണിലെ വേദികൾ മുഴുക്കെ നഷ്ടപ്പെട്ട ഇവരിൽ നല്ലൊരു പങ്കിന്റെയും ജീവിതതാളം തന്നെ തെറ്റിയ അവസ്ഥയിലായി. ഇനി മഴയുടെ മാസങ്ങളാണെന്നിരിക്കെ നല്ല നാളുകൾക്കായുള്ള കാത്തിരിപ്പിന് നീളം കൂടുമല്ലോ എന്ന ആശങ്കയാണ് പൊതുവെ.
മുഖ്യമായും ഉത്സവകാലത്തെ ആശ്രയിക്കുന്ന വാദ്യ, തെയ്യം കലാകാരന്മാരും പ്രൊഫഷണൽ ട്രൂപ്പുകളിലെ സ്ഥിരം ഗായകരും മിമിക്രിക്കാരുമൊക്കെയാണ് വരുമാനമില്ലാതെ ഏറെ കഷ്ടപ്പെടുന്നത്. കരുതിവെച്ചതെന്നു പറയാൻ ബഹുഭൂരിപക്ഷത്തിനും ഒന്നുമില്ലെന്നിരിക്കെ, മിക്കവരും കൈവായ്പ വാങ്ങിയും മറ്റും കുടുംബകാര്യങ്ങൾ ഒരുവിധം ഒപ്പിച്ചു പോരുകയാണ്.
വേദികൾ നഷ്ടമായതിന്റെ പ്രശ്നം മാത്രമല്ല പല ട്രൂപ്പുകാർക്കും. സീസണിലെ വേദികൾ മുന്നിൽകണ്ട് പുതിയ സംഗീതോപകരണങ്ങളും മറ്റും വായ്പ സംഘടിപ്പിച്ച വാങ്ങിയ വകയിലെ ബാദ്ധ്യത കൂടിയുണ്ട്. ഗാനമേള ട്രൂപ്പുകളിൽ ശരാശരി പിന്നണിപ്രവർത്തകരുൾപ്പെടെ ഇരുപത് പേരെങ്കിലുമുണ്ടാവും. അടച്ചിടൽ വന്നതോടെ നേരത്തെ അഡ്വാൻസ് കൈപ്പറ്റിയ സ്റ്റേജ് പ്രോഗ്രാമുകളെല്ലാം മുടങ്ങിയപ്പോൾ മുഴുവൻ കലാകാരന്മാരും കഷ്ടത്തിലായി.
ഇനി പ്രതീക്ഷ അടുത്ത
സീസണിൽ
മാർച്ച് മുതൽ മേയ് പകുതി വരെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമെല്ലാം ഉത്സവ - തെയ്യക്കാലം. അവയെല്ലാം തീർത്തും ഉപേക്ഷിക്കുകയോ, ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടി വന്നു. ലോക്ക് ഡൗൺ തീർത്തും പിൻവലിക്കുന്ന ഘട്ടം വന്നാൽ മറ്റു മേഖലകൾ പഴയപടി സജീവമായാലും ഉത്സവങ്ങൾ വീണ്ടുമെത്താൻ അടുത്ത സീസൺ വരെ കാത്തിരുന്നേ പറ്റൂ.
ഉത്സവകാലത്തെ വരുമാനത്തിൽ നിന്ന് കുറച്ചുവല്ലതും സ്വരൂപിച്ച് വെച്ചാണ് ക്ഷേത്ര കലാകാരന്മാരും സാധാരണ മറ്റും ശേഷിക്കുന്ന മാസങ്ങളിൽ ജീവിതം മുന്നോട്ടുനീക്കുന്നത്. ഇത്തവണ ഉത്സവാഘോഷ
പരിപാടികൾ ഏതാണ്ട് പൂർണമായും മാഞ്ഞുപോവുകയായിരുന്നു.
ജില്ലയിൽ പൂർണസമയ വാദ്യകലാകാരന്മാർ ഏതാണ്ട് 1,000
പാർട്ട് ടൈം വാദ്യകലാകാരന്മാർ 5,000
സംഗീതമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ 2,500
വരുമാനം തീർത്തും മുടങ്ങിയതിന്റെ പ്രശ്നം ഒരു വശത്ത്. പുതിയ സംഗീതോപകരണങ്ങൾ വാങ്ങാൻ വായ്പയെടുത്തത് എങ്ങനെ തിരച്ചടക്കുമെന്നതിന്റെ ആധി വേറെയും.
രഖിലേഷ് കുമാർ
(കോഴിക്കോട് സ്റ്റാർവോയ്സ്
ഗ്രൂപ്പിന്റെ അമരക്കാരനും
അവതാരകനും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |