ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ദിവസേന വർദ്ധിക്കുന്നത് കേന്ദ്രസർക്കാരിന്റെ ലോക്ക് ഡൗൺ തന്ത്രം പരാജയപ്പെട്ടതിന്റെ സൂചനയാണെന്ന് രാഹുൽ ഗാന്ധി എം.പി. ആദ്യഘട്ടത്തിൽ മുന്നിൽ നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമായ ഘട്ടത്തിൽ പിന്തിരിഞ്ഞതായും രാഹുൽ ചൂണ്ടിക്കാട്ടി.
കൊവിഡിനെ ചെറുക്കാൻ പ്രധാനമന്ത്രിയും ഉപദേശകരും തയ്യാറാക്കിയ തന്ത്രങ്ങളെല്ലാം പൊളിഞ്ഞെന്ന് വ്യക്തമായിരിക്കുന്നു. രണ്ടു മാസത്തിലധികം രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കിയിട്ടും ഫലമുണ്ടായില്ല. വൈറസിനെ ചെറുതായി കണ്ടതാണ് പ്രശ‌്നമായത്. തുടക്കത്തിൽ കേന്ദ്രബിന്ദുവായി നിന്ന പ്രധാനമന്ത്രി അവശ്യഘട്ടത്തിൽ പിൻമാറിയിരിക്കുന്നു. കൊവിഡിനെതിരെ ധീരമായി പോരാടുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് സാമ്പത്തിക പിന്തുണ നൽകുന്നുമില്ല.
ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാത്ത സാഹചര്യത്തിൽ പ്ളാൻ ബി എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കും. കൊവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നിലപാടെന്താണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള സഹായത്തിന്റെ കാര്യത്തിൽ എന്തു പദ്ധതിയാണുള്ളത്.
രാജ്യത്തെ ജി.ഡി.പിയുടെ പത്തു ശതമാനമെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച 20ലക്ഷം കോടി രൂപയുടെ പാക്കേജ് ചെറുകിട വ്യവസായികളെയും മറ്റും കൂടുതൽ കടക്കെണിയിലേക്ക് തള്ളി വിടുന്നതാണ്. അതേസമയം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ രോഗവ്യാപനം തടയാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എങ്കിലും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹായം കൂടാതെ മുന്നോട്ടു പോകാനാകില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |