കളക്ടർ ജൂൺ ഒന്നിന് ചുമതലയേൽക്കും
ആലപ്പുഴ : ആലപ്പുഴയുടെ പുതിയ കളക്ടറായി എ.അലക്സാണ്ടർ ജൂൺ ഒന്നിന് ചുമതയേൽക്കും.ഏറെ വെല്ലുവിളികൾ നേരിടേണ്ട ഘട്ടത്തിലാണ് അദ്ദേഹം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്.മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും കൊവിഡുമായി ബന്ധപ്പെട്ടുള്ള സ്ഥിതിവിവര കണക്കുകൾ അത്ര സുഖകരമല്ല. കാലവർഷമെത്തുന്നതോടെ ഏറെ ദുരിതങ്ങൾ നേരിടേണ്ടിവരുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയം ഇത് ബോദ്ധ്യപ്പെടുത്തുന്നു.
രാജ്യത്തെ രണ്ടാമത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. നിലവിൽ 4800ഓളം പേർ നിരീക്ഷണത്തിലുണ്ട്. ഓരോ ദിവസവും നിരീക്ഷണത്തിലെത്തുന്നവരുടെ കണക്ക് നോക്കുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമല്ല.കൊവിഡ് പ്രവർത്തനങ്ങളുടെ ഏകോപനം, കാലവർഷക്കെടുതി നേരിടാനുള്ള നടപടികൾ തുടങ്ങിയവയെല്ലാം വെല്ലുവിളിയാണ്.പ്രവാസികളുടെയും മറ്റും വരവ് വർദ്ധിക്കുന്നുണ്ട്. ഇവർക്കുള്ള ക്വാറന്റൈൻ സംവിധാനം,കെയർ സെന്ററൊരുക്കൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളുമുണ്ട്.കൊവിഡ് പ്രതിരോധത്തിന് തുടങ്ങിവച്ചിട്ടുള്ള ഒരു സംവിധാനമുണ്ട്. അതിൽ പാളിച്ച വരാതെ കൊണ്ടുപോയാൽ മതി.
മൂന്ന് മന്ത്രിമാരുള്ള ജില്ല
സംസ്ഥാനത്ത് പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മൂന്ന് മന്ത്രിമാരുള്ള ജില്ലയാണ് ആലപ്പുഴ. പൊതുമരാമത്ത് , രജിസ്ട്രേഷൻ മന്ത്രി ജി.സുധാകരൻ,ധനമന്ത്രി തോമസ് ഐസക്ക്, ഭക്ഷ്യ-സിവിൽ സപ്ളൈസ് മന്ത്രി പി.തിലോത്തമൻ തുടങ്ങിയവർ മന്ത്രിമാരെന്നതിന് പുറമെ പാർട്ടികളിലെ പ്രമുഖരുമാണ്.അതു കൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാൽ അതിന് ഗൗരവമേറുകയും ചെയ്യും.പലപ്പോഴും മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാവും ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകനം.കുട്ടനാടൻ കാർഷിക മേഖലയ്ക്ക് പുറമെ കയർ,മത്സ്യബന്ധന മേഖലകളും പ്രശ്നങ്ങൾ നിറഞ്ഞതാണ്. തോട്ടപ്പള്ളിയിലെ മരംമുറിയും കരിമണൽ നീക്കവും പുതിയ വിവാദത്തിനും വഴിമരുന്നിട്ടിട്ടുണ്ട്.
അനുഭവ സമ്പത്ത് കൈമുതൽ
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ അനുഭവ സമ്പത്താണ് പുതിയ കളക്ടർ എ.അലക്സാണ്ടറുടെ കൈമുതൽ.വിവിധ ജില്ലകളിൽ പ്രവർത്തിച്ച പരിചയവുമുണ്ട്.മികച്ച സേവനത്തിന് മൂന്ന് തവണ ഗുഡ് സർവ്വീസ് എൻട്രി ലഭിച്ചിട്ടുള്ള അലക്സാണ്ടറുടെ പ്രവർത്തന വൈഭവം സർക്കാരിന് ബോദ്ധ്യമുള്ളതാണ്.സംസ്ഥാന സഹകരണ രജിസ്ട്രാർ പദവിയിൽ നിന്നാണ് അദ്ദേഹം കളക്ടർ ചുമതലയിലേക്ക് എത്തുന്നത്. 1990-ൽ അസിസ്റ്റന്റ് ലേബർ ഓഫീസറായി സർവീസിൽ പ്രവേശിച്ചു.കൊല്ലം സബ് കളക്ടർ, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി,നിർമ്മാണ തൊഴിലാളി ക്ഷേമനിധി, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,അഡീഷണൽ ലേബർ കമ്മീഷണർ, രജിസ്ട്രേഷൻ വിഭാഗം ഐ.ജി,ലേബർ കമ്മീഷണർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം കമലേശ്വരത്താണ് താമസം. ഭാര്യ സ്വകാര്യ ബാങ്കുദ്യോഗസ്ഥ ടെൽമ അലക്സാണ്ടർ.ഡെൽഹിയിൽ വിദ്യാർത്ഥിയായ ടോമി അലക്സാണ്ടറും ഡിസൈൻ കൺസൽട്ടന്റായി പ്രവർത്തിക്കുന്ന ആഷ്മി അലക്സാണ്ടറുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |