കൊച്ചി: നാളെ വിരമിക്കുന്ന ജേക്കബ് തോമസിന് അനധികൃത സ്വത്ത് സമ്പാദനകേസിൽ കുരുക്ക്. അദ്ദേഹത്തിന് എതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കർ ഭൂമി വാങ്ങിയതിനെതിരെ വിജിലൻസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. സർവീസിൽ നിന്ന് നാളെ വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലൻസ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. എന്നാൽ ഇൗ ആവശ്യങ്ങൾ കോടതി നിരാകരിച്ചു.
ആരോപണങ്ങളിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം തുടരാനും അനുവദിച്ചു. വാങ്ങിയ ഭൂമിയുടെ ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. കേസിന്റെ അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസിന് കോടതി നിർദേശം നൽകി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.
നേരത്തെ സർക്കാർ അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |