വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ സ്ത്രീകളടക്കം അഞ്ചു പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് പകലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്. വെട്ടുവിള വീട്ടിൽ ലീല (44), മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത് വീട്ടിൽ സുരേഷ് (35) എന്നിവർക്കാണ് വട്ടേറ്റത്. ശരീരമാസകലം വെട്ടേറ്റ ശരത്ചന്ദ്രൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിതിസയിലാണ്. മറ്റുള്ളവരെ കന്യാകുളങ്ങര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നൽകുന്ന വെട്ടുവിള സ്വദേശികളായ യുവാക്കളാണ് ആക്രമണം നടത്തിയത്. കഞ്ചാവ് വില്പന എതിർത്തവക്ക് നേരെയായിരുന്നു ആക്രമണം. കഞ്ചാവ് വില്പന എതിർത്തു സംസാരിച്ച ലീലയെ പിന്നാലെ എത്തിയ സംഘം കുളിക്കടവിൽ വെട്ടി വീഴ്ത്തി. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം കടന്നു. വൈകിട്ടോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് രാത്രി മങ്ങാട്ട് മൂലയിൽ നിന്നെത്തിയ ഇരുപതോളം പേരും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിലാണ് നാലു പേർക്ക് കൂടി വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കൾ അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയതെന്നു കോളനി നിവാസികൾ പറഞ്ഞു. ഏതാനും നാളുകൾക്ക് മുൻപാണ് ഈ സംഘം വെഞ്ഞാറമൂട് മത്സ്യ മാർക്കറ്റിലെ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയിയത്. രാവിലെ നടന്ന ആക്രമണത്തിൽ വെഞ്ഞാറമൂട് പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് ഇടപെട്ടില്ല. റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസുകാർ നിരീക്ഷണത്തിലായ സാഹചര്യത്തിൽ ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല. ഇക്കാരണത്താലാണ് വേണ്ട വിധത്തിൽ അന്വേഷണം നടത്താനാവാത്തതെന്നും വിവരമുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |