ബെവ് ക്യൂ ആപ്പ് സാധാരണക്കാരനിലേക്ക് എത്തുന്നില്ല
കൊല്ലം: വിദേശമദ്യ വിതരണത്തിന് സംസ്ഥാന സർക്കാർ സജ്ജമാക്കിയ ബെവ് ക്യൂ ആപ്പ് എല്ലാവരിലേക്കും എത്താത്തതിനാൽ മദ്യത്തിന്റെ മറിച്ച് വിൽപ്പന സജീവം. ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിലെ വലിയൊരു വിഭാഗം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരല്ല.
അതിനാൽ ബെവ് ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാനും സാങ്കേതിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും അറിയില്ല. വിദേശമദ്യത്തിന്റെ ആവശ്യകത ഏറിയെങ്കിലും ലഭ്യത എല്ലാവരിലേക്കും എത്താതെ വന്നതോടെയാണ് മറിച്ച് വിൽപ്പന വർദ്ധിച്ചത്. ഒരു സമയം മൂന്ന് ലിറ്റർ മദ്യം ഒരാൾക്ക് വാങ്ങാം. ഇത്തരത്തിൽ കൂടുതൽ ആളുകളെ ഉപയോഗിച്ച് വലിയ തോതിൽ മദ്യം വാങ്ങി കൂട്ടുന്ന സംഘങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജീവമായി.
ഫോണിൽ ആവശ്യപ്പെടുന്നവർക്ക് വിൽപ്പന വിലയേക്കാൾ 200 മുതൽ 300 രൂപ വരെ അധികമായി ഈടാക്കിയാണ് മദ്യകുപ്പി നൽകുന്നത്. കൂടുതൽ പണം നൽകിയാൽ വീടുകളിലോ, ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ മദ്യമെത്തിച്ച് നൽകും.
ബാങ്കുകൾ, മാവേലി സ്റ്റോറുകൾ, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അവലംബിക്കുന്നത് പോലെ എല്ലാവർക്കും നേരിട്ട് വാങ്ങാൻ കഴിയുന്ന ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്ന് വാദിക്കുന്നവരുമുണ്ട്. ബെവ് ക്യൂ അപ്പില്ലാത്തവർക്കും അമിത വില ഈടാക്കി മദ്യം നൽകുന്ന വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്.
''വ്യാജമദ്യത്തിനൊപ്പം വിദേശമദ്യത്തിന്റെ മറിച്ച് വിൽപ്പന കൂടി സജീവമായിരിക്കുകയാണ്. ജാഗ്രതയോടെ പരിശോധ ശക്തമാക്കി."
എക്സൈസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |