20 പേർക്ക് പരിക്ക്
തൊടുപുഴ: ആറു മണിക്കൂറോളം നാടിനെ വിറപ്പിച്ച് വിരണ്ടോടിയ പോത്തിനെ മയക്കുവെടി വച്ച് വീഴ്ത്തി. വണ്ണപ്പുറം കലയന്താനി സ്വദേശി സെയ്ദുമുഹമ്മദ് (അനസ്) കശാപ്പിനായി കൊണ്ടു വന്ന പോത്താണ് ഇന്നലെ നാട് വിറപ്പിച്ചത്. പോത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ 20 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.30 ഓടെ വണ്ണപ്പുറത്തായിരുന്നു സംഭവം. കശാപ്പിനായി കൊണ്ടു വന്ന പോത്തുകളെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ ഇതിൽ ഒരെണ്ണം വിരണ്ടോടുകയായിരുന്നു. വണ്ണപ്പുറം തൊമ്മൻകുത്ത് റോഡിലൂടെ ഓടിയ പോത്ത് ഇതിനിടെ കണ്ണിൽ കണ്ട കൃഷികളെല്ലാം നശിപ്പിച്ചു. പോത്തിന്റെ പിന്നാലെ ആളുകൾ കൂടിയതോടെ ഇത് കൂടുതൽ വിളറി പിടിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാളിയാർ എസ്.ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണാധീതമായതോടെ തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. പോത്തിനെ കുടുക്കിട്ടു വീഴ്ത്താൻ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് പല തവണ ശ്രമം നടത്തിയെങ്കിലും പോത്ത് രക്ഷപ്പെട്ടോടുകയായിരുന്നു. ഒടുവിൽ മയക്കുവെടി വച്ച് വീഴ്ത്താൻ തീരുമാനിക്കുകയായിരുന്നു. മുള്ളരിങ്ങാട് സ്വദേശിയാണ് പോത്തിനെ മയക്കുവെടി വച്ചത്. മൂന്നു തവണ മയക്കുവെടിയേറ്റ പോത്ത് ചത്തു. സംഭവത്തിൽ പോത്തിനെയെത്തിച്ച സെയ്ദുമുഹമ്മദിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |