കൽപ്പറ്റ: സംസ്ഥാനം ലോക്ക് ഡൗൺ ഇളവുകളിലേക്ക് പോകുമ്പോഴും വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ് എസ് വൈ എസ് സാന്ത്വനം ഹെൽപ് ഡെസ്‌ക് പ്രവർത്തകർ. സാന്ത്വനത്തിന്റെ യുവകരങ്ങൾ കൈകോർത്തതോടെ കഠിന വേദനയിൽ കഴിയുന്ന രണ്ടു രോഗികൾക്ക് മണിക്കൂറുകൾക്കകം അതിർത്തികൾ കടന്ന് മരുന്നെത്തിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് നീലഗിരിയിലെ പാടന്തറയിലുള്ള പന്ത്രണ്ടുകാരൻ വിദ്യാർത്ഥിയുടെ മരുന്ന് തീർന്ന പ്രയാസമറിയിച്ച് പിതാവിന്റെ ഫോൺ കോൾ എത്തിയത് .
പാടന്തറ മർകസ് വിദ്യാർത്ഥിയായ സക്കീർ ഹുസൈൻ കുറഞ്ഞ ദിവസങ്ങളായി മരുന്ന് തീർന്ന് ഏറെ പ്രയാസമനുഭവിച്ച് കഴിയുന്നത് പറഞ്ഞ് ആ പിതാവ് സാന്ത്വനം നീലഗിരി ജില്ലാ ഹെൽപ് ഡെസ്‌കിന്റെ സഹായം തേടുകയായിരുന്നു. വിദ്യാർത്ഥിയുടെ അർബുദ രോഗത്തിന് ചികിത്സ നടത്തുന്നത് മുന്നൂറ് കിലോമീറ്റർ അകലെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് മാലോം എന്ന പ്രദേശത്തെ വൈദ്യനാണ്. അവിടെ നിന്നു വേണം മരുന്ന് എത്തിക്കാൻ. ഇതോടൊപ്പം പാലക്കാട് ആലത്തൂർ സ്വദേശിയായ അർബുദ രോഗിയ്ക്ക് കൂടിയുള്ള മരുന്നു എത്തിക്കാനുള്ള ദൗത്യവും പ്രവർത്തകർ ഏറ്റെടുത്തു. രോഗിയുടെ സഹോദരൻ കുവൈറ്റിൽ നിന്നു കഴിഞ്ഞ ദിവസം വയനാട് ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ അവിടെ നിന്ന് മരുന്ന് ശേഖരിച്ച ശാഫി സഅദി കാസർകോട് സാന്ത്വനം വളണ്ടിയർമാരായ ചുള്ളിക്കര നൗഷാദ്, ശരീഫ് വെള്ളാപ്പ് ശരീഫ് പയ്യന്നൂർ എന്നിവർ വഴി കണ്ണൂരിലെ പ്രവർത്തകർക്ക് കൈമാറി. ശരീഫ് തളിപ്പറമ്പ്, നിസാർ എന്നിവർ മരുന്ന് മട്ടന്നൂരിൽ എത്തിച്ചു . ഫൈസൽ വാളാട് വൈകിട്ട് ആറ് മണിയോടെ ഏറ്റു വാങ്ങിയ മരുന്ന് രാത്രി ഒമ്പത് മണിയോടെ നാലാം മൈലിൽ എത്തിച്ചു. അപ്പോഴേക്കും പനമരം കമ്പളക്കാട് മുട്ടിൽ മീനങ്ങാടി വഴി അമ്പലവയലിലേക്കും തുടർന്ന് തമിഴ്‌നാട് അതിർത്തിയിലേക്കും രാത്രി തന്നെ മരുന്ന് എത്തിക്കാനുള്ള ശൃംഖല ജില്ലാ ഹെൽപ് ഡെസ്‌കിൽ ശമീർ തോമാട്ടുചാലിന്റെ നേതൃത്വത്തിൽ സജ്ജമായി കഴിഞ്ഞിരുന്നു. താഹിർ നാലാംമൈൽ റഫീഖ് കുണ്ടാല, ഇസ്മഇൽ പച്ചിലക്കാട്, ശൈജൽ കണിയാമ്പറ്റ എന്നീ വളണ്ടിയർമാർ മുട്ടിൽ വരെയും മുസ്തഫ കുട്ടമംഗലം നൗഫൽ ഫാളിലി മൈലംപാടി ഫിറോസ് മുസ്ലിയാർ എന്നിവർ ചേർന്ന് ഒറ്റരാത്രി കൊണ്ട് തമിഴ്‌നാട് അതിർത്തിയിലും മരുന്നുകൾ എത്തിച്ചു
താളൂർ വെച്ച് നൗഷാദ് എരുമാട്, സൈത് മുസ്ലിയാർ എന്നിവർ ഏറ്റുവാങ്ങിയ മരുന്നുകൾ നീലഗിരി സാന്ത്വനം പ്രവർത്തകർ പാടന്തറയിലെ വിദ്യാർത്ഥിയുടെ വീട്ടിലെത്തിച്ചു .പാലക്കാടെ രോഗിക്കുള്ള മരുന്ന് മലപ്പുറം ഈസ്റ്റ് ജില്ലാ ഹെൽപ് ഡെസ്‌കിലെ പ്രവർത്തകർ ഏറ്റുവാങ്ങി പാലക്കാട്ടും എത്തിക്കുകയായിരുന്നു.