കഴിഞ്ഞവർഷം ഇതേസമയം 3000 രൂപയായിരുന്ന വില ഇപ്പോൾ 1500ൽ താഴെ
കട്ടപ്പന: കർഷകരെ ആശങ്കയിലാഴ്ത്തി ഏലക്കാവില കുത്തനെ ഇടിയുന്നു. കഴിഞ്ഞവർഷത്തെ വിലയുടെ പകുതി മാത്രമാണ് ഇപ്പോഴുള്ളത്. ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ- ലേലത്തിൽ ശരാശരി വില കിലോഗ്രാമിന് 1440 രൂപയിലെത്തി. വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ പതിഞ്ഞ 37,599 കിലോഗ്രാം ഏലക്കായും വിറ്റുപോയി. 2126 രൂപയാണ് ഉയർന്നവില. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് സ്‌പൈസസ് ബോർഡിന്റെ ഇ- ലേലം പുനരാരംഭിച്ചശേഷം 410 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞവർഷം ഇതേസമയം മൂവായിരത്തിലധികം രൂപ വില ലഭിച്ചിരുന്നു. കൊവിഡ് രോഗവ്യാപന ഭീഷണി നേരിടുന്ന ഡൽഹി, മുംബെയ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സജീവമാകാത്തതാണ് വിലയിടിവിനു കാരണം. കൊവിഡ് ഭീഷണി പൂർണമായി വിട്ടൊഴിയാതെ ഏലക്കാ വിപണിയിൽ മുന്നേറ്റമുണ്ടാകില്ല. വില ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ. അതേസമയം ഇ- ലേലത്തിൽ വിൽപനയ്‌ക്കെത്തുന്ന ഏലക്കയുടെ അളവ് വർദ്ധിച്ചു. പതിയുന്ന ഏലക്കാ മുഴുവനും വിറ്റുപോകുന്നുണ്ട്. പുതിയ ഏലക്കാ സീസൺ ആരംഭിച്ച സാഹചര്യത്തിൽ, വില ഇനിയും കുറഞ്ഞാൽ കർഷകരുടെ കൈവശമുള്ള ഏലക്കാ നഷ്ടം സഹിച്ച് വിൽക്കേണ്ട സ്ഥിതിയുണ്ടാകും. ലോക്ക് ഡൗൺ കാലയളവിൽ കീടനാശിനികളുടെയും മറ്റു രാസവളങ്ങളുടെയും വിലയും വർദ്ധിച്ചിരുന്നു. ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിച്ചെങ്കിൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും.
മഴയില്ല: ഏലക്ക പഴുക്കുന്നു
തോട്ടം മേഖലകളിൽ മഴ പെയ്യാത്തത് ഏലക്കാ ഉത്പാദനം കുറയ്ക്കും. പുതിയ സീസൺ ആരംഭിച്ചിട്ടും കാലവർഷം ദുർബലമായി തുടരുന്നത് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. തുടർച്ചയായി മഴ ലഭിച്ചെങ്കിൽ മാത്രമേ ഉത്പാദനം കൂടുകയുള്ളൂ. ജില്ലയിലെ പ്രധാന ഏലം ഉത്പാദന മേഖലകളിലൊന്നും മഴ ലഭിച്ചിട്ടില്ല. തോട്ടങ്ങളിലെ ജലസ്രോതസുകളിൽ നിന്നാണ് ഇപ്പോഴും ജലസേചനം നടത്തിവരുന്നത്. കാലവർഷത്തിൽ മണ്ണിനുണ്ടാകുന്ന സ്വഭാവികമായ ഈർപ്പം ഇപ്പോഴും ആയിട്ടില്ലെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം 22 ദിവസത്തിലൊരിക്കൽ തളിക്കലും വളപ്രയോഗവും നടത്തേണ്ടിവരുന്നു. മുമ്പ് മാസത്തിലൊരിക്കലായിരുന്നു. നിലവിൽ ഏലച്ചെടികൾക്ക് രോഗബാധയില്ലെങ്കിലും ചൂട് കൂടുന്നതിനാൽ ഉത്പാദനം കുറയുകയാണ്. ചൂടേറ്റ് കായ പഴുത്ത് പൊഴിഞ്ഞുപോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |