ചെർപ്പുളശേരി: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും ചേർന്ന് സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനിയുടെ പാലക്കാട് ജില്ലയിലെ പ്രവർത്തികൾ അന്തിമ ഘട്ടത്തിൽ. വെള്ളനേഴി പഞ്ചായത്ത് 11ാം വാർഡിൽ പൊതി എ.എൽ.പി.എസ് കോമ്പൗണ്ടിലാണ് സംസ്ഥാനത്തിന് അനുവദിച്ച 15 മാപിനികളിൽ ഒന്ന് സ്ഥാപിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിരന്തരമായി പഠനവധേയമാക്കാനുള്ള ആധുനിക സൗകര്യമാണ് ഈ ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനി വരുന്നതോടെ കൈവരിക്കുന്നത്. ചൂട്, മഴയുടെ അളവ്, കാറ്റിന്റെ ഗതി, വേഗത, താപനി, അന്തരീക്ഷ ആർദ്രത തുടങ്ങിയ ദിനാന്തരീക്ഷ വിവരങ്ങളെല്ലാം കാലാവസ്ഥാ മാപിനി പ്രവർത്തന സജ്ജമാകുന്നതോടെ അറിയാൻ കഴിയും.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇത്തരം തത്സമയ വിവരം വളരെ പ്രധാനപ്പെട്ടതാണ്. കാലാവസ്ഥയുമായി ബന്ധപ്പെട് പഠനം നടത്തിയ ശേഷമാണ് വെള്ളനേഴിയെ പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ പറഞ്ഞു. കാർഷിക ഗവേഷകനായ അടയ്ക്കാപുത്തൂർ പൊതി സ്വദേശി നളന്ദ ഗോപീകൃഷ്ണനാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കാലാവസ്ഥാ മാപിനി സ്ഥാപിക്കുന്നതിനായി 10:10 മീറ്റർ ചുറ്റളവിലുള്ള സ്ഥലം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സജ്ജമാക്കിയത്. കാസർകോട്- വെള്ളരിക്കുണ്ട്, കണ്ണൂർ- ഇരിക്കൂർ, കോഴിക്കോട്- കക്കയം, വയനാട്- പടിഞ്ഞാറത്തറ ഡാം, മലപ്പുറം- പറവണ്ണ ടി.എം.ജി കോളേജ്, തൃശൂർ- പെരിങ്ങൽകുത്ത്, എറണാംകുളം- പറവൂർ, ഇടുക്കി- പീരുമേട്, കോട്ടയം- പൂഞ്ഞാർ എൻജി.കോളേജ്, ആലപ്പുഴ- കഞ്ഞിക്കുഴി, പത്തനംതിട്ട- സീതത്തോട്, കൊല്ലം- വെസ്റ്റ് കല്ലട, തിരുവനന്തപുരം- നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ സ്ഥാപിക്കുന്നത്. ആകെ നൂറെണ്ണമാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതെങ്കിലും പതിനഞ്ചെണ്ണത്തിന്റെ പ്രവർത്തികളാണ് അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |