വെള്ളറട: കൃഷിയിടങ്ങളിൽ വാനരപ്പട അഴിച്ചുവിടുന്ന ശല്യം കാരണം കൃഷി ചെയ്ത് ഉപജീവനം നടത്താനാകാതെ വലയുകയാണ് വെള്ളറടയിലെയും സമീപ പ്രദേശങ്ങളിലെയും കർഷകർ. വെള്ളറട, അമ്പൂരി, കള്ളിക്കാട് എന്നിവിടങ്ങളിലാണ് കുരങ്ങ് ശല്യം രൂക്ഷമായ പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യാനോ വിളവെടുക്കാനോ കർഷകന് കഴിയാതെയായിട്ട് മാസങ്ങൾ പലത് കഴിഞ്ഞു. വാനര ലീലകൾ അധികവും ബുദ്ധിമുട്ടിക്കുന്നത് അമ്പൂരിയിലെ കർഷകരെയാണ്. നാണ്യവിളകൾ കൂട്ടമായെത്തുന്ന കുരങ്ങുകൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയോടെയാണ് കർഷകൻ തന്റെ പ്രഭാതം ആരംഭിക്കുന്നത്. കൂട്ടത്തിൽ അധികവും പ്രതിസന്ധി നേരിടുന്നത് നാളികേര കർഷകരാണ്. നാളികേരം വെള്ളയ്ക്കയായിരിക്കുമ്പോൾ തന്നെ കുരങ്ങുകൾ ഇവയുടെ വെള്ളം കുടിച്ച ശേഷം വലിച്ചെറിയും. നാളികേരം കൂടാതെ പുളി, ചക്ക, മാങ്ങ, വാഴ, പപ്പായ, പച്ചക്കറികൾ എന്നിവയും ഇവർ നശിപ്പിക്കുക പതിവാണ്. വനത്തോട് ചേർന്നു കിടക്കുന്ന പഞ്ചായത്താണ് അമ്പൂരി. ഇവിടെ എല്ലാ പ്രദേശങ്ങളിലും വാനരന്മാരുടെ ശല്യം രൂക്ഷമാണ്. പ്രശ്നപരിഹാരത്തിനായി കർഷകർ നിരവധി തവണ റവന്യു വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ല. കുരങ്ങുകൾക്ക് പുറമെ കാട്ടുപന്നികളുടെ ആക്രമണവും കർഷകരെ ദുരിതത്തിലാഴ്ത്തുന്നുണ്ട്. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ മരിച്ചീനി, വാഴകൾ എന്നിവ കുത്തിമറിച്ചിടാറാണ് പതിവ്. ഇതെല്ലാം നിസ്സഹായനായി നോക്കി നൽക്കാൻ മാത്രമേ കർഷകന് കഴിയുന്നുള്ളൂ. കൃഷിക്കായി ബാങ്കിൽ നിന്നും മറ്റും വായ്പയായി എടുത്ത പണം യഥാസമയം അടച്ചു തീർക്കാൻ കഴിയാതെ പലിശയും കയറി ഇരട്ടിയായെന്ന് കർഷകർ പറയുന്നു. ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകർ തിങ്ങിപ്പാർക്കുന്ന പ്രദേശമായ അമ്പൂരിയിൽ നിന്നും കുരങ്ങുകളെ തുരത്താൻ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വസ്തു വകകൾ ഉപേക്ഷിച്ച് സ്ഥലം വിടേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കുടിയേറ്റ കർഷകർ പറയുന്നു. വെള്ളറടയിൽ വനം വകുപ്പ് കുരങ്ങുകളെ പിടിക്കാൻ കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഒരു കുരങ്ങ് പോലും കെണിയിൽ വീണിട്ടില്ല.
വാനര ലീലകൾ
കാർഷിക വിള നശിപ്പിച്ച് വാനരന്മാർ ഇവിടെ സ്വൈര്യ വിഹാരം നടത്തുന്നതിന് പുറമേ ഒടും, ഷീറ്രുകളും മേഞ്ഞ വീടുകളിലും കുരങ്ങുകൾ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനാൽ സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. വീടിനുള്ളിൽ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി വച്ചാൽ ഇത് അപഹരിക്കാനും കുരങ്ങുകൾ വീടിനുള്ളിൽ പ്രവേശിക്കും. എതിർക്കാൻ ശ്രമിച്ചാൽ ചീറിക്കൊണ്ട് ഉപദ്രവിക്കാനെത്തും. കുരങ്ങുകളുടെ ആക്രമണത്തെ തുടർന്ന് കൃഷി ചെയ്യാൻ കഴിയാത്തതിനാൽ ഹെക്ടർ കണക്കിന് ഭൂമി ഇവിടെ തരിശിട്ടിരിക്കുകയാണ്.
കർഷകരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ഇല്ലാത്തതു കാരണം ദിവസങ്ങൾ കഴിയുംതോറും കർഷക കുടുംബങ്ങൾ കടബാദ്ധ്യത കുമിഞ്ഞുകൂടുകയാണ്.
കുരങ്ങുകളിൽ നിന്ന് പകരുന്ന കുരങ്ങ്പനി പോലെയുള്ള രോഗങ്ങളുടെ ഭീഷണിയും പ്രദേശവാസികളെ അലട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |