വാഷിംഗ്ടൺ: ലോകരാജ്യങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്കെത്തുന്നു (99,31,514). മരണനിരക്ക് ഉയരുന്നതും സമ്പർക്കത്തിലൂടെയുള്ള കേസുകൾ വർദ്ധിക്കുന്നതുമാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് 4,805 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ലോകത്ത് മരണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്(4,97,503). ജൂലായ് അവസാനത്തോടെ രോഗികളുടെ എണ്ണം കൂടിയ തോതിലെത്തുമെന്നാണ് വിദഗ്ദ്ധരും ആരോഗ്യ പ്രവർത്തകരും വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലെ ഒരു ഇറച്ചി മാർക്കറ്റിലാണ് കൊവിഡ് ആദ്യം പടർന്ന് പിടിക്കുന്നത്. ചൈനയെ വരിഞ്ഞുമുറുക്കിയ കൊവിഡ്, പിന്നീട് മറ്റ് ലോകരാജ്യങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലായിരുന്നു കൊവിഡ് ആദ്യം നാശം വിതച്ചത്. കാൽ ലക്ഷത്തിലധികം മരണമാണ് ഓരോ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും അമേരിക്കയിലുമാണ് കൊവിഡ് നാശം വിതയ്ക്കുന്നത്. കൊവിഡ് വ്യാപനത്തിൽ ലോകത്ത് ഒന്നാമതായ അമേരിക്കയിൽ രോഗികൾ 25 ലക്ഷം കവിഞ്ഞു. ഒറ്റ ദിവസം 40000ലേറെ പേർ രോഗികൾ. പുതിയ ഹോട്ട്സ്പോട്ടുകളായ ടെക്സാസിലും അരിസോണയിലും ഫ്ലോറിഡയിലും വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി. കഴിഞ്ഞ രണ്ടാഴ്‍ച കൊണ്ട് രോഗികളുടെ എണ്ണത്തിൽ 60 ശതമാനം വർദ്ധനവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കേസുകൾ വീണ്ടും വർദ്ധിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അറിയിച്ചു. ആകെ മരണം - 1.27 ലക്ഷം.
യൂറോപ്പിൽ ആദ്യം രോഗബാധ രൂക്ഷമല്ലാതിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ കൊവിഡ് വ്യാപിക്കുകയാണ്. ഇതോടെ, അതിർത്തികൾ ഇപ്പോൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ് യൂറോപ്യൻ യൂണിയൻ. ഒപ്പം, അമേരിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
രൂക്ഷമായി ലാറ്റിനമേരിക്ക
ലാറ്റിനമേരിക്കയിൽ ബ്രസീലിലാണ് സ്ഥിതി ഗുരുതരം. 1000ത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. രോഗികൾ 12 ലക്ഷമായി. ആകെ മരണം - 56,109. ഇപ്പോഴും കൊവിഡിനെ നിസാരവത്കരിക്കുന്ന പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ മനോഭാവമാണ് രാജ്യത്തിന് വിനയാകുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ചിലി, പെറു, മെക്സിക്കോ എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. റഷ്യയിൽ ഇന്നലെ 6000ത്തിലധികം പേർ രോഗികളായി. പ്രതിദിന മരണം ഇപ്പോഴും 200 കവിയാത്തത് മൂലം ആശ്വാസത്തിലാണ് റഷ്യ. രോഗികൾ - ആറ് ലക്ഷം. മരണം - 8,969.
ഈജിപ്റ്റിൽ നിയന്ത്രണങ്ങൾക്ക് ഇളവ്.
വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന 14 ദിന നിർബന്ധിത ക്വാറന്റൈൻ നീക്കാനൊരുങ്ങി ബ്രിട്ടൻ. കൊവിഡ് രൂക്ഷമായ രാജ്യങ്ങൾക്ക് ഇത് ബാധകമല്ല.
ചൈനയിൽ 21 കേസുകൾ.
ബ്യൂണസ് അയേഴ്സിൽ ലോക്ക്ഡൗൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |