...................................
ആത്മഹത്യകളും കൊലപാതകങ്ങളും ദുരൂഹമരണങ്ങളും തുടർക്കഥപോലെ കോട്ടയത്ത് വർദ്ധിക്കുകയാണ് . ചിലത് തെളിയുന്നു. ചിലതിലെ അന്വേഷണം എങ്ങുമെത്താതെ നീളുന്നു .ചില ദുരൂഹമരണങ്ങൾ ഉന്നത ഇടപെടലുകളിൽ ആത്മഹത്യയായി കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നു.
.....................................
കൊലപാതകങ്ങൾ ആത്മഹത്യയായി മാറ്റുന്ന ജില്ലയെന്ന പേരുദോഷമായിരുന്നു നേരത്തേ കോട്ടയത്തിന് . ഇപ്പോഴതു മാറി ദുരൂഹമരണ ജില്ലയെന്ന പുതിയ പട്ടം ലഭിച്ചു.
ഒരു മാസത്തിനുള്ളിൽ അഞ്ചു മരണങ്ങളാണ് കോട്ടയത്തുണ്ടായത്. പലതും ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തുമ്പോഴും അതേ പടി വിഴുങ്ങാൻ നാട്ടുകാർക്ക് എന്തു കൊണ്ടോ കഴിയുന്നില്ല .
പരീക്ഷയിൽ കോപ്പിയടിച്ചുവെന്നാരോപിച്ച് കോളേജ് അധികൃതർ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിനി ആറ്റിൽ മരിച്ചു കിടക്കുന്നതാണ് പിറ്റേന്ന് കണ്ടത്. മാനസിക പീഡനമാണ് മരണകാരണമെന്ന് എം.ജി സർവകലാശാല നിയോഗിച്ച കമ്മിറ്റി കണ്ടെത്തി മാസം ഒന്നാകാറായിട്ടും ആത്മഹത്യയാക്കി മാറ്റാൻ ഏറെ താത്പര്യം കാണിച്ച പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ആത്മഹത്യാ പ്രേരണകുറ്റം കോളേജ് അധികൃതർക്കെതിരെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോപ്പിയടി കണ്ടെത്താൻ കൈയക്ഷര പരിശോധനയ്ക്ക് ഉത്തരക്കടലാസ് ലാബിലേക്കയച്ച് ദിവസങ്ങൾ കുറെയായിട്ടും മറുപടി വന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കോളേജ് പ്രിൻസിപ്പൽ സർവകലാശാലാ പരീക്ഷാ ചട്ടം ലംഘിച്ചു വെന്നും വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചുവെന്നുമുള്ള സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടിലെ വിവരങ്ങൾ മാദ്ധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയ വൈസ്ചാൻസലർക്കെതിരെ കത്തോലിക്ക സഭയിലെ കുഞ്ഞാടുകൾ ഒന്നിച്ച് കൊവിഡ് കാല നിയന്ത്രണം ലംഘിച്ചും പ്രതിഷേധ സമരം തുടരുകയാണ്.
അയർക്കുന്നത്ത് വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെങ്കിലും ആത്മഹത്യയുടെ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത് . കാലും കൈയും കയർ വരിഞ്ഞു ഒപ്പം കല്ലും വെച്ചു കെട്ടിയ നിലയിലായിരുന്നു വൈദികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. 'എങ്ങനെ ഇങ്ങനെ 'ആത്മഹത്യ ചെയ്യാൻ കഴിയുമെന്ന സാധാരണക്കാരുടെ ചോദ്യത്തിന് ഉത്തരമില്ല. സിസ്റ്റർ അഭയയടക്കം നിരവധി കന്യാസ്ത്രീകളെയായിരുന്നു നേരത്തെ കോട്ടയത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എത്ര അന്വേഷിച്ചിട്ടും അഭയയുടേത് കൊലപാതകമോ ആത്മഹത്യയോ എന്ന് ഉറപ്പിച്ചു പറയാൻ ഒരു ഏജൻസിക്കും കഴിയുന്നില്ല. മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും കേസ് എങ്ങുമെത്താതെ നീളുകയാണ്. ഇപ്പോൾ വൈദികരെ കൂടി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി തുടങ്ങിയതോടെ കലി കാലമെന്നു പറയുകയാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസം മറിയപ്പള്ളി ഇന്ത്യാ പ്രസ് വളപ്പിൽ അസ്ഥികൂടം കണ്ടെത്തി . തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുമ്പോൾ വൈക്കംകാരനും കുമരകത്തെ ബാറിലെ ജീവനക്കാരനുമായ യുവാവ് എങ്ങനെ മറിയപ്പള്ളി സാഹിത്യപ്രവർത്തക സഹകരണ സംഘം വക സ്ഥലത്തെത്തി എന്നാണ് വീട്ടുകാരുടെ ചോദ്യം. കഴുത്തിൽ കിടന്ന മൂന്നാലുപവന്റെ സ്വർണമാലയും കാണാത്ത സാഹചര്യത്തിൽ കൊലപാതകമെന്ന് ആരോപിക്കുകയാണ് ബന്ധുക്കൾ .
നീണ്ടൂരിൽ അമ്മയും കുഞ്ഞും ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ. താഴത്തങ്ങാടി വൃദ്ധ വെട്ടേറ്റു മരിച്ചത് കൊലപാതകമെന്ന് തെളിയിക്കാൻ പൊലീസിനു കഴിഞ്ഞു. ഇത് ആത്മഹത്യയെന്ന് കണ്ടെത്താതിരുന്നത് ഭാഗ്യം. ഈരാറ്റുപേട്ടയിൽ രണ്ടു യുവതികൾ ആറ്റിൽ ചാടിയത് നാട്ടുകാർ കണ്ടു പിടിച്ചതിനാൽ രക്ഷിക്കാനായി. യുവതികളിലൊരാൾ പീഡനത്തിനിരയായി എന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്.
ആത്മഹത്യകളും കൊലപാതകങ്ങളും ദുരൂഹമരണങ്ങളും തുടർക്കഥപോലെ കോട്ടയത്ത് വർദ്ധിക്കുകയാണ് . ചിലത് തെളിയുന്നു. ചിലതിലെ അന്വേഷണം എങ്ങുമെത്താതെ നീളുന്നു .ചില ദുരൂഹമരണങ്ങൾ ഉന്നത ഇടപെടലുകളിൽ ആത്മഹത്യയായി കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നു. ഇതിനൊക്കെ ഒരു അവസാനമുണ്ടാകുമോ എന്ന് ചോദിക്കുകയാണ് ചറ്റുവട്ടം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |