ആയിരത്തിലേറെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി
കൽപ്പറ്റ: എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി വി ചാലഞ്ചിന്റെ ഭാഗമായി 20 ടി വി കൈമാറി. ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായുള്ള സി.കെ. ശശീന്ദ്രൻ എം.എൽ.എ യുടെ ഇ - പാഠശാല പദ്ധതിയിലേക്കും ഒ.ആർ.കേളു എം.എൽ.എ യുടെ ഹലോ സ്‌കൂൾ പദ്ധതിലേക്കുമായാണിത്.
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച ശേഷം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി എസ്.എഫ്.ഐ 136 ടെലിവിഷൻ നൽകിയിട്ടുണ്ട്. പിന്നാക്ക മേഖലകളിൽ സമൂഹ പഠന കേന്ദ്രങ്ങളൊരുക്കി ആയിരത്തിലധികം വിദ്യാർത്ഥികൾക്കാണ്
കൈത്താങ്ങായത്.
സ്‌കൂൾ, കോളേജ്, പ്രാദേശിക കമ്മിറ്റികളിലെ പ്രവർത്തകരിൽ നിന്നും പൂർവകാല എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും പണം സമാഹരിച്ചും പൊതുസമൂഹത്തിൽ നിന്നു ടെലിവിഷനുകൾ കണ്ടെത്തിയുമാണ് എസ് എഫ് ഐ കാമ്പയിൻ ഏറ്റെടുത്തത്.
ടി വി ചാലഞ്ചിന് പുറമെ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി 1000 വിദ്യാർത്ഥികൾ ബാഗ്, നോട്ട് ബുക്ക്, കുട ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ സമാഹരിക്കാനുള്ള യജ്ഞം തുടങ്ങി. ബത്തേരി, കൽപ്പറ്റ, വൈത്തിരി, പനമരം, മാനന്തവാടി, പുൽപ്പള്ളി ഭാഗങ്ങളിലാണ് പര്യടനം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 'പഠനോപകരണ വണ്ടി' വഴി വീടുകളിൽ ഇവയെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |